കോപ്പ അമേരിക്ക: നാടകീയതകള്‍ക്കിടെ പങ്കാളിത്തം സ്ഥിരീകരിച്ച് അര്‍ജന്‍റീന

By Web TeamFirst Published Jun 7, 2021, 2:08 PM IST
Highlights

കോപ്പ അമേരിക്ക സംബന്ധിച്ച നാടകീയത തുടരുകയാണ്. ടൂര്‍ണമെന്‍റ് ബഹിഷ്‌കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ബ്രസീല്‍ താരങ്ങള്‍. 

ബ്യൂണസ് ഐറിസ്: ബ്രസീലില്‍ വച്ച് നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ അനിശ്ചിതത്വത്തില്‍ തുടരവെ പങ്കാളിത്തം സ്ഥിരീകരിച്ച് അര്‍ജന്‍റീന. രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറാന്‍ ബ്രസീല്‍ താരങ്ങള്‍ ആലോചിക്കുമ്പോഴാണ് കോൺമെബോളിന് ആശ്വാസം പകരുന്ന വാര്‍ത്തയുമായി അര്‍ജന്‍റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. 

കോപ്പ അമേരിക്കയിലെ പങ്കാളിത്തം അര്‍ജന്‍റീന സ്ഥിരീകരിക്കുന്നു. ചരിത്രത്തിലുടനീളമുള്ള സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിനെ ഇത് സൂചിപ്പിക്കുന്നതായും അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. 

അതേസമയം കോപ്പ അമേരിക്ക സംബന്ധിച്ച നാടകീയത തുടരുകയാണ്. ടൂര്‍ണമെന്‍റ് ബഹിഷ്‌കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ബ്രസീല്‍ താരങ്ങള്‍. ബുധനാഴ്‌ച പരാഗ്വേക്കെതിരെ നടക്കുന്ന ബ്രസീലിന്‍റെ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഏവരും ഉറ്റുനോക്കുന്നത്. മത്സരത്തിന് ശേഷം താരങ്ങള്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കും എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്‌ക്ക് കിക്കോഫാകുന്നത്. അ‍ർജന്റീനയും കൊളംബിയയും സംയുക്തമായി ടൂര്‍ണമെന്‍റ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ കൊളംബിയക്കും കൊവിഡ് മഹാമാരി അര്‍ജന്‍റീനക്കും വേദി നഷ്‌ടമാകാന്‍ കാരണമായി. അര്‍ജന്‍റീനയ്‌ക്ക് സമാനമായി കൊവിഡ് പ്രശ്‌നങ്ങള്‍ പുതിയ വേദിയായ ബ്രസീലില്‍ നിലനില്‍ക്കുന്നു എന്ന് ബ്രസീലിയന്‍ താരങ്ങള്‍ വാദിക്കുന്നു. 

ഇന്ത്യന്‍സമയം തിങ്കളാഴ്‌ച പുലര്‍ച്ചെ 2.30ന് ബ്രസീല്‍-വെനസ്വേല മത്സരത്തോടെയാണ് കോപ്പ അമേരിക്കയ്‌ക്ക് തുടക്കമാകേണ്ടത്. റിയോയില്‍ തൊട്ടടുത്ത ദിവസം ചിലെക്കെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഈ മത്സരവും പുലര്‍ച്ചെ 2.30നാണ്. ബ്രസീലാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 

കോപ്പയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല: ബഹിഷ്‌കരണ നീക്കവുമായി ബ്രസീല്‍ താരങ്ങള്‍ മുന്നോട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!