നെയ്‌മറെ പൂട്ടാതെ പെറുവിന് വഴിയില്ല; കോപ്പയില്‍ കാനറികള്‍ രണ്ടാം അങ്കത്തിന്

By Web TeamFirst Published Jun 17, 2021, 10:46 AM IST
Highlights

ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറയുന്ന നെയ്‌മറെ പൂട്ടുക പെറുവിന്റെ യുവനിരയ്‌ക്ക് അത്ര എളുപ്പമാവില്ല. 

റിയോ: കോപ്പ അമേരിക്കയിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ബ്രസീൽ നാളെ ഇറങ്ങും. പെറുവാണ് എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയ്‌ക്ക് കളി തുടങ്ങും. 

കോപ്പ നിലനിർത്താൻ ഇറങ്ങുന്ന ബ്രസീൽ വെനസ്വേലയെ തകർത്ത് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ജയം. ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറയുന്ന നെയ്‌മറെ പൂട്ടുക പെറുവിന്റെ യുവനിരയ്‌ക്ക് അത്ര എളുപ്പമാവില്ല. തോൽവി അറിയാതെ കുതിക്കുന്ന ബ്രസീൽനിര താരസമ്പന്നമാണ്. കോച്ച് ടിറ്റെയ്‌ക്ക് ആരെ കളിപ്പിക്കണമെന്നേ ആശയക്കുഴപ്പമുള്ളൂ. 

മാർക്വീഞ്ഞോസ് നയിക്കുന്ന പ്രതിരോധത്തിലും കാസിമിറോയുടെ മേൽനോട്ടത്തിലുള്ള മധ്യനിരയിലും മാറ്റത്തിന് സാധ്യതയില്ല. നെയ്‌മർ, റിച്ചാർലിസൺ എന്നിവർക്കൊപ്പം മുന്നേറ്റത്തിൽ ഗബ്രിയേൽ ബാർബോസ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജെസ്യൂസ് എന്നിവരിൽ ആരെ കളിപ്പിക്കുമെന്ന് മാത്രമേ അറിയാനുള്ളൂ. 

അതേസമയം പരിചയസമ്പന്നരായ റൗൾ റൂയിഡിയാസ്, പൗളോ ഗെറോറോ തുടങ്ങിയവരെ ഒഴിവാക്കിയാണ് പെറു കോപ്പയ്‌ക്ക് എത്തിയിരിക്കുന്നത്. യുവനിരയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് റിക്കാർഡോ ഗരേക്ക നയം വ്യക്തമാക്കിക്കഴിഞ്ഞു. നേർക്കുനേർ കണക്കിൽ ബ്രസീലിന് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 48 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീൽ തോറ്റത് അഞ്ച് കളിയിൽ മാത്രം. മുപ്പത്തിനാല് കളികളില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ ഒൻപത് കളി സമനിലയിലായി.

കൂടുതല്‍ കോപ്പ വാര്‍ത്തകള്‍...

കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി ബ്രസീൽ; പെലെയുടെ റെക്കോഡിലേക്ക് ഗോൾ ദൂരം കുറച്ച് നെയ്മർ

കോപ്പ അമേരിക്ക: അവസരങ്ങള്‍ തുലച്ചു, ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

പ്രതിരോധപ്പിഴവ് തുടർക്കഥ; മെസ്സിപ്പടയെ തോൽപ്പിക്കുന്നത് കാവൽ നിരയോ ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!