Asianet News MalayalamAsianet News Malayalam

കോപ്പ അമേരിക്ക: അവസരങ്ങള്‍ തുലച്ചു, ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

അര്‍ജന്റീയ ജേഴ്‌സിയില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ 145-ാം മത്സരമായിരുന്നിത്. മൂന്ന് മത്സരം കൂടി കളിച്ചാല്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാവും മെസി.
 

Argentina Drew with Chile in Copa America First match
Author
Rio de Janeiro, First Published Jun 15, 2021, 4:35 AM IST

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന- ചിലി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ലിയോണല്‍ മെസിയിലൂടെ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ എഡ്വേര്‍ഡൊ വര്‍ഗാസ് ചിലിയെ ഒപ്പമെത്തിച്ചു. ലാതുറോ മാര്‍ട്ടിനെസും ഗോണ്‍സാലോ മോന്റീലും അവസരങ്ങള്‍ പാഴാക്കിയത് അര്‍ജന്റീനയ്ക്ക് വിനയായി. അര്‍ജന്റീന ജേഴ്‌സിയില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ 145-ാം മത്സരമായിരുന്നിത്. മൂന്ന് മത്സരം കൂടി കളിച്ചാല്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാവും മെസി. മുന്‍താരം ഹാവിയര്‍ മഷ്‌ചെരാനോയാണ് നിലവില്‍ കൂടുതല്‍ മത്സരം കളിച്ച താരം. 

എട്ടാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ അവസരം അര്‍ജന്റിനയ്ക്ക് ലഭിച്ചു. നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ പാസില്‍ മെസി ഇടങ്കാലുകൊണ്ട് തൊടുത്ത വോളി പുറത്തേക്ക് പോയി. എന്നാല്‍ അത്രത്തോളം ഇടുങ്ങിയ കോണനിന്നായിരുന്നു ഷോട്ട്. 12-ാം മിനിറ്റില്‍ ലൊ സെല്‍സോ ഒരുക്കികൊടുത്ത അവസരം ലാതുറോ മാര്‍ട്ടിനെസ് നഷ്ടപ്പെടുത്തി. 20-ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി ലൊ സെല്‍സോയുടെ കാലില്‍ നിന്നുണ്ടായി. താരം നീട്ടികൊടുത്ത പന്ത് നിക്കൊളാസ് ഗോണ്‍സാലസ് ചിലി ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോ മാത്രം മുന്നില്‍ നില്‍ക്കെ പാഴാക്കി കളഞ്ഞു. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ബ്രാവോ രക്ഷപ്പെടുത്തുകയായിരുന്നു. 

33-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ലൊ സെല്‍സോയെ ചിലിയന്‍ താരം എറിക് പുള്‍ഗാര്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് മെസി പോസ്റ്റിന്റെ വലത് മൂലയിലേക്ക് താഴ്ത്തിയിറക്കി. 38-ാം മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയ്ക്ക് ലീഡുയര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ നിലംപറ്റെയുള്ള ഒരു ക്രോസില്‍ കാലുവെക്കേണ്ടതുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ക്ക് മുതലാക്കാനായില്ല. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.

57-ാം മിനിറ്റിലാണ് ചിലി സമനില പിടിക്കുന്നത്. എഡ്വേര്‍ഡോ വര്‍ഗാസിനെ ടാഗ്ലിയാഫിക്കോ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. വാറിന്റെ സഹായത്തോടെയാണ് റഫറിക്ക് പെനാല്‍റ്റി നല്‍കേണ്ടി വന്നത്. അര്‍തുറോ വിദാലെടുത്ത കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടില്‍ ഓടിയടുത്ത വര്‍ഗാസ് ഗോളാക്കി. അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ, എസേക്വില്‍ പലാസിയോസ്, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയെങ്കിലും ഫലത്തില്‍ മാറ്റമൊന്നുമുണ്ടായില്ല.

Follow Us:
Download App:
  • android
  • ios