മിശിഹാ അവതരിച്ചു! കോപ്പയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലിയോണല്‍ മെസി

By Web TeamFirst Published Jul 11, 2021, 12:03 PM IST
Highlights

തന്‍റെ പിൻഗാമിയെന്ന് മറഡോണ വാഴ്‌ത്തിപ്പാടിയ കൗമാരക്കാരൻ ഇതിഹാസമായി വളർന്നിട്ടും കിട്ടാക്കനിയായിരുന്നു മധുരക്കോപ്പ

മാരക്കാന: പതിനാറ് വർഷത്തെ അന്താരാഷ്‍ട്ര കരിയറിൽ ആദ്യ കിരീടമാണ് ലിയോണൽ മെസി കോപ്പയിലൂടെ നേടിയത്. പല തവണ കലാശപ്പോരാട്ടത്തിൽ കൈവിട്ട സ്വപ്‌നം സ്വന്തമാക്കാൻ നിറഞ്ഞുകളിച്ച മെസി ടൂർണമെന്‍റിന്‍റെ താരമായി. കോപ്പയില്‍ ഇക്കുറി കൂടുതല്‍ ഗോള്‍ നേടിയ താരവും മെസി തന്നെ. 

തന്‍റെ പിൻഗാമിയെന്ന് മറഡോണ വാഴ്‌ത്തിപ്പാടിയ കൗമാരക്കാരൻ ഇതിഹാസമായി വളർന്നിട്ടും കിട്ടാക്കനിയായിരുന്നു മധുരക്കോപ്പ. എന്നാല്‍ ബാഴ്‌സലോണയിലെ ഓരോ ജയവും ആഘോഷിക്കപ്പെട്ടപ്പോഴും നീലക്കുപ്പായത്തിൽ വീണ്ടും വീണ്ടും വീണ കണ്ണീർ മെസി കഴുകിക്കളഞ്ഞിരിക്കുന്നു. ചിരവൈരികളായ ബ്രസീലിനെ അവരുടെ നാട്ടിൽ, മാരക്കാനയുടെ മണ്ണിൽ വീഴ്‌ത്തി കോപ്പ എന്ന സുവര്‍ണ കിരീടം മെസിക്ക് സ്വന്തമായി.

ഇക്കുറി കോപ്പ അമേരിക്ക മെസി മയമായിരുന്നു. അർജന്റീനയടിച്ച 12 ഗോളുകളിൽ ഒന്‍പതിലും മെസിയുടെ കാലുകൾ ഒപ്പുവച്ചു. നാല് തവണ വലകുലുക്കി. അഞ്ച് തവണ സഹതാരങ്ങൾക്ക് പന്തെത്തിച്ചു. ചോരകിനിഞ്ഞും കളത്തിൽ തുടർന്ന മെസിക്ക് ലാറ്റിനമേരിക്കന്‍ കിരീടം ജീവശ്വാസമായിരുന്നു. അർജന്‍റീന കിരീടം ഉയര്‍ത്തിയപ്പോള്‍ കോപ്പയുടെ താരമെന്ന പകിട്ട് മെസിക്ക് നല്‍കാന്‍ ഈ പ്രകടനം ധാരാളമായി. ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററും മെസി തന്നെ. 

കോപ്പ ഫൈനൽ തോൽവിയിൽ മനംനൊന്ത് ഒരിക്കൽ കളിയവസാനിപ്പിച്ച മെസി അന്ന് തിരിച്ചുവന്നത് ആ നാടിന്‍റെ ഉയിർത്തെഴുന്നേൽപ്പിനായിരുന്നു. കോപ്പയുടെ മധുരം നുകർന്ന് ഇനി ഖത്തറിലെ ലോക കിരീടത്തിൽ കണ്ണുവയ്‌ക്കാമെന്നാണ് അര്‍ജന്‍റീന ആരാധകര്‍ സ്വപ്‌നം കാണുന്നത്. 

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയ വിജയഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമാണിത്. അര്‍ജന്‍റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്.

അര്‍ജന്‍റീന കാനറികളെ വീഴ്‌ത്തിയതെങ്ങനെ; മാച്ച് റിപ്പോര്‍ട്ട് വിശദമായി വായിക്കാം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കോപ്പയുമായി ഡ്രസിംഗ് റൂമില്‍ മെസിയുടെ വിജയനൃത്തം; വൈറലായി വീഡിയോ

മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം! ആവേശത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!