കിരീടം നിലനിര്‍ത്താന്‍ ടിറ്റെയുടെ ബ്രസീല്‍; കോപ്പ അമേരിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു

By Web TeamFirst Published Jun 10, 2021, 10:28 AM IST
Highlights

പരിക്കുമൂലം കഴിഞ്ഞ കോപ്പ വിജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതിരുന്ന സൂപ്പര്‍താരം നെയ്‌മറാണ് ഇത്തവണ ബ്രസീല്‍ ആക്രമണം നയിക്കുക. 

റിയോ: കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള 24 അംഗ ബ്രസീല്‍ ടീമിനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച ടീമില്‍ നിന്ന് ഒരു വ്യത്യാസം മാത്രമാണ് സ്‌ക്വാഡിലുള്ളത്. ഫ്ലെമംഗോയുടെ റോഡ്രിഗോ പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ ഉള്‍പ്പെടുത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സില്‍വ കളിച്ചിരുന്നില്ല. 

പരിക്കുമൂലം കഴിഞ്ഞ കോപ്പ വിജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ വന്ന സൂപ്പര്‍താരം നെയ്‌മറാണ് ഇത്തവണ ബ്രസീല്‍ ആക്രമണം നയിക്കുക. കഴിഞ്ഞ തവണ കിരീടത്തിലേക്ക് നയിച്ച വെറ്ററന്‍ താരം ഡാനി ആല്‍വസിനെയും ഫിലിപെ കുടീഞ്ഞോയേയും പരിക്കുമൂലം ടിറ്റെ പരിഗണിച്ചില്ല. ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജീസസ്, മാര്‍ക്വീഞ്ഞോസ്, കാസിമിറോ, അലിസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. 

വെനസ്വേലക്ക് എതിരെ തിങ്കളാഴ്‌ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 2.30നാണ് ബ്രസീലിന്റെ ആദ്യ മത്സരം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. ഗ്രൂപ്പ് എയില്‍ കൊളംബിയ, ഇക്വഡോർ, പെറു എന്നിവരും ബ്രസീലിനൊപ്പമുണ്ട്. 

ബ്രസീല്‍ ടീം

ഗോള്‍‌കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവര്‍ട്ടണ്‍.

ഡിഫന്‍റര്‍മാര്‍: അലക്‌സ് സാന്‍ഡ്രേ, ഡാനിലോ, എമേഴ്‌സണ്‍, റെനാന്‍ ലോധി, എഡര്‍ മിലിറ്റാവോ, ഫിലിപ്പെ, മാര്‍ക്വീഞ്ഞോസ്, തിയാഗോ സില്‍വ. 

മിഡ്‌ഫീല്‍ഡര്‍മാര്‍: കാസിമിറോ, ഡഗ്ലസ് ലൂയിസ്, എവര്‍ട്ടന്‍ റിബൈറോ, ഫാബീഞ്ഞോ, ഫ്രഡ്, ലൂക്കാസ് പക്വേറ്റ.

ഫോര്‍വേഡുകള്‍: എവര്‍ട്ടന്‍, ഗബ്രിയേല്‍ ബാര്‍ബോസ, ഗബ്രിയേല്‍ ജിസ്യൂസ്, നെയ്‌മര്‍, റിച്ചാര്‍ലിസണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, വിനിഷ്യസ് ജൂനിയര്‍. 

കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബ്രസീലിയൻ താരങ്ങൾ പിൻമാറിയിട്ടുണ്ട്. കോൺമബോളിനെ രൂക്ഷമായി വിമർശിച്ച താരങ്ങൾ, സംഘാടകരോടുള്ള വിയോജിപ്പോടെ കോപ്പയിൽ കളിക്കുമെന്ന് വ്യക്തമാക്കി. ആദ്യം വേദിയായി തീരുമാനിച്ചിരുന്ന അര്‍ജന്‍റീനയിലേതിന് സമാനമായി കൊവിഡ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ബ്രസീലില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതിലാണ് താരങ്ങള്‍ക്ക് എതിര്‍പ്പ്. അതേസമയം കോപ്പ അമേരിക്ക നടത്തുന്നതിനെതിരായ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി ഉടൻ വിധി പറയും. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇക്വഡോറിനെയും പരാഗ്വേയെയും തകര്‍ത്താണ് കോപ്പ അമേരിക്കയിലേക്ക് ബ്രസീലിന്‍റെ വരവ്. ഇരു മത്സരങ്ങളിലും എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കാനറികളുടെ ജയം. ഗോളും അസിസ്റ്റുമായി തിളങ്ങിയ നെയ്‌മറുടെ ഫോം ബ്രസീലിന് ആശ്വാസമാണ്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ച ബ്രസീൽ 18 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. 

കോപ്പ അമേരിക്ക വീണ്ടും അനിശ്ചിതത്വത്തിൽ; നിര്‍ണായക വിധി ഉടന്‍

ബ്രൂണോയ്‌ക്ക് ഡബിള്‍, വമ്പന്‍ ജയവുമായി ഒരുങ്ങി പോര്‍ച്ചുഗല്‍; യൂറോ കപ്പിന് നാളെ കിക്കോഫ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!