നാലരലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നത് വൻദുരത്തിന് കാരണമാകുമെന്നാണ് പരാതി. 

റിയോ: ബ്രസീലിയൻ താരങ്ങള്‍ ബഹിഷ്‌കരണം പിൻവലിച്ചെങ്കിലും കോപ്പ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി ഉടൻ വിധി പറയും. ഞായറാഴ്‌ചയാണ് കോപ്പ അമേരിക്കയ്‌ക്ക് തുടക്കമാവേണ്ടത്.

കോപ്പ അമേരിക്ക വേദിയായി ബ്രസീലിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ അനിശ്ചിതത്വവും തുടങ്ങിയിരുന്നു. ബ്രസീലിൽ കൊവിഡ് വ്യാപിക്കുന്നതിനാൽ കോൺമബോളിന്റെ തീരുമാനം അനുചിതമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. അ‍ർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂ‍ർണമെന്റാണ് കഴിഞ്ഞയാഴ്‌ച ബ്രസീലിലേക്ക് മാറ്റിയത്. കൊളംബിയക്ക് രാഷ്‌ട്രീയ സാഹചര്യങ്ങളും അ‍ർജന്റീനയ്‌ക്ക് കൊവിഡ് വ്യാപനവും തിരിച്ചടിയാവുകയായിരുന്നു. 

അ‍ർജന്റീനയിലേ അതേ കൊവിഡ് സാഹചര്യമാണ് ഇപ്പോൾ ബ്രസീലിലും. ഈ പശ്ചാത്തലത്തിലാണ് ബ്രസീലിലെ പ്രതിപക്ഷ പാർട്ടികളും ആരോഗ്യപ്രവർത്തകരും താരങ്ങളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയത്. എതിർപ്പ് വകവയ്ക്കാതെ ടൂ‍ർണമെന്റുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജയ‍്ർ ബോൽസൊനാരോ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നാലരലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നത് വൻദുരത്തിന് കാരണമാകുമെന്നാണ് പരാതി. 

തീരുമാനം മാറ്റി ബ്രസീല്‍ താരങ്ങള്‍

ഇതേസമയം, കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബ്രസീലിയൻ താരങ്ങൾ പിൻമാറി. കോൺമബോളിനെ രൂക്ഷമായി വിമർശിച്ച താരങ്ങൾ, വിയോജിപ്പോടെ കോപ്പയിൽ കളിക്കുമെന്നും വ്യക്തമാക്കി. കളിക്കാരുടെയോ ആരാധകരുടേയോ ആരോഗ്യകാര്യങ്ങൾ പരിഗണിക്കാതെയാണ് കോപ്പ അമേരിക്ക വേദിയായി ബ്രസീലിനെ തെരഞ്ഞെടുത്ത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇതിൽ രാഷ്‌ട്രീയം കാണാൻ കളിക്കാർ ശ്രമിച്ചിട്ടില്ല. സംഘാടകരോടുള്ള എതിർപ്പ് നിലനി‍ർത്തി ബ്രസീലിയൻ ദേശീയ ടീമിനോടുള്ള കടപ്പാട് നിറവേറ്റുമെന്നും താരങ്ങൾ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

ബ്രൂണോയ്‌ക്ക് ഡബിള്‍, വമ്പന്‍ ജയവുമായി ഒരുങ്ങി പോര്‍ച്ചുഗല്‍; യൂറോ കപ്പിന് നാളെ കിക്കോഫ്

യൂറോ കപ്പിലെ സൂപ്പർ ഫേവറൈറ്റുകളെ പ്രവചിച്ച് ആഴ്സൻ വെം​ഗർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona