കോപ്പ അമേരിക്കയ്ക്ക് ആതിഥ്യമരുളുന്നതിൽ ബ്രസീൽ താരങ്ങൾക്ക് എതിർ‌പ്പുണ്ടെന്ന് ടിറ്റെ

By Web TeamFirst Published Jun 5, 2021, 10:44 AM IST
Highlights

ബ്രസീലിലെ സ്ഥിതിയും ഏറക്കുറെ സമാനമായതിനാൽ കോൺമെബോളിന്റെ തീരുമാനത്തിൽ അർജന്റൈൻ താരങ്ങൾ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ബ്രസീലിയൻ താരങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്ക് വേദിയാവുന്നതിൽ ബ്രസീൽ താരങ്ങൾക്ക് എതിർപ്പുണ്ടെന്ന് കോച്ച് ടിറ്റെ. കഴിഞ്ഞ ദിവസമാണ് കോൺമെബോൾ ബ്രസീലിനെ കോപ്പ അമേരിക്ക വേദിയായി പ്രഖ്യാപിച്ചത്. കോപ്പയിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. അർജന്റീനയിൽ കൊവിഡ് വ്യാപിച്ചതോടെയാണ് മത്സരവേദി ബ്രസീലിലേക്ക് മാറ്റിയത്.

ബ്രസീലിലെ സ്ഥിതിയും ഏറക്കുറെ സമാനമായതിനാൽ കോൺമെബോളിന്റെ തീരുമാനത്തിൽ അർജന്റൈൻ താരങ്ങൾ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ബ്രസീലിയൻ താരങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ബ്രസീൽ കോച്ച് ടിറ്റെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രസീലിൽ മത്സരങ്ങൾ നടത്തുന്നതിൽ താരങ്ങൾക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിനെ താരങ്ങൾ നേരിട്ട് അറിയിച്ചിട്ടുണ്ട്. താരങ്ങൾ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നും ടിറ്റെ പറഞ്ഞു.

ഈമാസം പതിമൂന്നിന് ബ്രസീൽ, വെനസ്വേല മത്സരത്തോടെയാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് ഈമത്സരം. നാല് വേദികളിാണ് മത്സരങ്ങൾ. പതിനാലിന് രാത്രി രണ്ടരയ്ക്ക് ചിലെയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യമത്സരം. ജൂലൈ പതിനൊന്നിന് മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!