കോപ്പയിലെ ആറാം ഊഴം; മെസ്സിയെ കാത്തിരിക്കുന്നത് കണ്ണീരോ കിരീടമോ ?

By Web TeamFirst Published Jun 14, 2021, 10:52 AM IST
Highlights

ക്ലബ് ഫുട്ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാം കൈപ്പിടിയിൽ ഒതുക്കിയതാരം. പക്ഷേ, അർജന്റൈൻ സീനിയർ ടീമിനൊപ്പം മെസ്സിക്ക് ഇതുവരെ ഒരുകിരീടത്തിൽ തൊടാനായിട്ടില്ല. കോപ്പ അമേരിക്കയിൽ അഞ്ചുതവണ ബൂട്ടുകെട്ടി. മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും കണ്ണീരോടെ മടങ്ങി.

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ ശ്രദ്ധാ കേന്ദ്രമാണ് ലിയോണൽ മെസ്സി. ആറാം ഊഴത്തിലെങ്കിലും മെസ്സി കിരീടം നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

അർജന്റൈൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാൾ. ക്ലബ് ഫുട്ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാം കൈപ്പിടിയിൽ ഒതുക്കിയതാരം. പക്ഷേ, അർജന്റൈൻ സീനിയർ ടീമിനൊപ്പം മെസ്സിക്ക് ഇതുവരെ ഒരുകിരീടത്തിൽ തൊടാനായിട്ടില്ല. കോപ്പ അമേരിക്കയിൽ അഞ്ചുതവണ ബൂട്ടുകെട്ടി. മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും കണ്ണീരോടെ മടങ്ങി. കോപ്പയിൽ മെസ്സിയുടെ വിധി എങ്ങനെയെന്ന് നോക്കാം.

അരങ്ങേറ്റം 2007ൽ. വെനസ്വേല വേദിയായ കോപ്പയുടെ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. ടൂർണ്ണമെന്റിൽ മെസ്സി നേടിയത് രണ്ടുഗോൾ. 2011ൽ അർജന്റീന വേദിയായ കോപ്പ മെസ്സിക്കും ടീമിനും സമ്മാനിച്ചത് സമ്പൂർണ നിരാശ. ആദ്യനാല് കളിയിൽ മെസ്സിയുടെ കാലിൽ നിന്ന് ഒറ്റഗോൾ പിറന്നില്ല.

ക്വാർട്ടറിൽ ഉറുഗ്വക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ നേടിയെങ്കിലും മെസ്സിയും അർജന്റീനയും പുറത്തായി. 2015ൽ ചിലിയിൽ മൂന്നാമൂഴം. പരാഗ്വക്കെതിരെ ഇരട്ടഗോൾ നേടി തുടക്കം. കുതിപ്പ് ഫൈനൽ വരെയെത്തി. പക്ഷെ അവസാന കടമ്പയിൽ അടിതെറ്റി.

ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ഗോളിന് ചിലെ ചാമ്പ്യൻമാർ. 2016ൽ കോപ്പ അമേരിക്കയുടെ നൂറാം വാർഷികം. അഞ്ച് ഗോളുമായി മെസ്സി നിറഞ്ഞുനിന്നപ്പോൾ എല്ലാം ആവർത്തിക്കപ്പെട്ടു. അർജന്റീന വീണ്ടും ഫൈനലിൽ. എതിരാളികൾ അതേ ചിലി. ഷൂട്ടൌട്ടിൽ ഒരിക്കൽക്കൂടി ഉന്നംപിഴച്ചു. മെസ്സിയുടെ സ്പോട്ട് കിക്ക് ഗാലറിയിലേക്ക് പറന്നത് അമ്പരപ്പോടെയാണ് ഫുട്ബോൾ ലോകം കണ്ടത്.

കണ്ണീരോടെ കളംവിട്ട മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. 2018ൽ തീരുമാനം മാറ്റി തിരിച്ചെത്തി. 2019ൽ അഞ്ചാം കോപ്പയിൽ. ബ്രസീലായിരുന്നു വേദി. ഗ്രൂപ്പ് ഘട്ടത്തിൽ ഒറ്റ പെനാൽറ്റിഗോൾ മാത്രം. സെമിയിൽ രണ്ട് ഗോളിന് ബ്രസീലിനോട് പരാജയപ്പെട്ടു. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്തിയെങ്കിലും മെസ്സി ചുവപ്പ് കാർഡ് കണ്ടത് മറ്റൊരു പ്രഹരം.

പ്രായം മുപ്പത്തിനാലിലേക്ക് അടുക്കുകയാണ്. ഇനിയൊരു കോപ്പയിൽ പന്തുതട്ടുക പ്രയാസം. ആറാമൂഴത്തിൽ ബ്രസീൽ മെസ്സിക്ക് കാത്തുവച്ചിരിക്കുന്നത് എന്താവും. കോപ്പയോ കണ്ണീരോ?.

click me!