ഇല്ല, ഏപ്രിലുമില്ല; പ്രീമിയര്‍ ലീഗ് കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശവാര്‍ത്ത

By Web TeamFirst Published Apr 3, 2020, 9:00 PM IST
Highlights

പ്രീമിയര്‍ ലീഗില്‍ ഓരോ ടീമിനും 9-10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ 1990ന് ശേഷം ആദ്യമായി ലീഗ് കീരിടം ഉയര്‍ത്താം.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശവാര്‍ത്ത. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഏപ്രില്‍ 30 വരെ മാറ്റിവെച്ച പ്രീമിയര്‍ ലീഗ് ബ്രിട്ടനിലെ കൊവിഡ് രോഗബാധ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ ആരോഗ്യപ്രവര്‍ത്തകരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമെ ലീഗ് എപ്പോള്‍ തുടങ്ങാനാകുമെന്ന് പറയാനാവു എന്ന് ലീഗ് അധികൃതര്‍ പറഞ്ഞു. 

പ്രീമിയര്‍ ലീഗില്‍ ഓരോ ടീമിനും 9-10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ 1990ന് ശേഷം ആദ്യമായി ലീഗ് കീരിടം ഉയര്‍ത്താം. എന്നാല്‍ ലീഗ് എന്ന് തുടങ്ങാനാവുമെന്ന് പറയാനാവാത്തതിനാല്‍ ലിവര്‍പൂളിന്റെ കിരീടസ്വപ്നങ്ങളം ത്രിശങ്കുവിലായി.

നേരത്തെ ജൂണ്‍ ഒന്നിന്  ലീഗ് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ ഒന്നിന് വീണ്ടും തുടങ്ങാന്‍, പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ധാരണയിലെത്തിയതായാണ്, ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 
അടച്ചിട്ട സ്റ്റേഡിയത്തിലാകും ആദ്യ ഘട്ടത്തില്‍ മത്സരങ്ങളെന്നും ആറാഴ്ച കൊണ്ട് സീസണ്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ലീഗ് അധികൃതര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയത്. 

കൊവിഡ് 19 വൈറസ് രോഗബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 684 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3645 ആയി ഉയര്‍ന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

click me!