റൊണാള്‍ഡോ യുവന്റസ് വിട്ട് സിറ്റിയിലേക്ക്, ധാരണയായതായി റിപ്പോര്‍ട്ട്

By Web TeamFirst Published Aug 26, 2021, 7:48 PM IST
Highlights

ടോട്ടനത്തില്‍ നിന്ന് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോയുമായി കരാറിലെത്താന്‍ സിറ്റി തീരുമാനിച്ചത്.

മാഞ്ചസ്റ്റര്‍: ലിയോണല്‍ മെസി ബാഴ്‌സലോണ വിട്ട പി എസ് ജിയിലേക്ക് പോയതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്ത് മറ്റൊരു വമ്പന്‍ കൂടുമാറ്റത്തിന് കളമൊരുങ്ങുന്നു. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാന്‍ തത്വത്തില്‍ ധാരണയായതായി സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോര്‍ട്ട് ചെയ്തു. സിറ്റിയുമായി രണ്ടുവര്‍ഷത്തേക്കാണ് റൊണാള്‍ഡോ കരാര്‍ ഒപ്പിടുകയെന്നും സീസണില്‍ 15 ദശലക്ഷം യൂറോ ആയിരിക്കും റൊണാള്‍ഡോയുടെ പ്രതിഫലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോട്ടനത്തില്‍ നിന്ന് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോയുമായി കരാറിലെത്താന്‍ സിറ്റി തീരുമാനിച്ചത്. റൊണാള്‍ഡോയുടെ മാനേജരായ ജോര്‍ജ് മെന്‍ഡെസ് സിറ്റി ഫുട്‌ബോള്‍ അധികൃതരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും യുവന്റസുമായി ട്രാന്‍സ്ഫര്‍ തുകയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

25 ദശലക്ഷം യൂറോയാണ് 36കാരനായ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ തുകയായി യുവന്റസ് ആവശ്യപ്പെടുന്നത്. ഇതിന് പുറമെ സിറ്റി ഫോര്‍വേര്‍ഡായ ഗബ്രിയേല്‍ ജിസ്യൂസിലും യുവന്റ്‌സ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുവന്റ്‌സ് വിട്ട് റയലിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകളോട് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ യുവന്റസ് വിടില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!