റൊണാള്‍ഡോ അജയ്യനായ രാത്രി; യൂറോയില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി

By Web TeamFirst Published Jun 16, 2021, 7:55 AM IST
Highlights

പുഷ്കാസ് അറീനയിലേക്ക് ചുവടുവച്ചപ്പോൾ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് മുന്നിൽ ചരിത്രം തലകുനിച്ചു. 

ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ ഹങ്കറിക്കെതിരെ സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോൾ മുതൽ നിരവധി റെക്കോർഡുകളാണ് റൊണാൾഡോയ്‌ക്ക് മുന്നിൽ വഴിമാറിയത്. കളി തീരും മുൻപ് യൂറോ കപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി.

പുഷ്കാസ് അറീനയിലേക്ക് ചുവടുവച്ചപ്പോൾ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് മുന്നിൽ ചരിത്രം തല കുനിച്ചു. അഞ്ച് യൂറോ കപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തം. 2004ൽ സ്വന്തം നാട്ടിൽ ആദ്യമായി യൂറോപ്യൻ പോരിനിറങ്ങിയ റൊണാൾഡോ മുപ്പത്തിയാറാം വയസിലും പറങ്കിപ്പടയുടെ കപ്പിത്താനായി കളംവാണതോടെ മറ്റ് ചില  റെക്കോര്‍ഡുകളും തേടിയെത്തി.

പ്ലാറ്റിനിയെ പിന്നിലാക്കി കുതിപ്പ്

ഹങ്കറിക്കെതിരായ ആദ്യ ഗോള്‍ റൊണാൾഡോയെ യൂറോ കപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാക്കി. ഒൻപത് ഗോൾ നേടിയ ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ സ്ഥാനം ഇനി റൊണാൾഡോയ്‌ക്ക് പിന്നിൽ. പ്രധാന ടൂർണമെന്റിൽ പോർച്ചുഗലിനായി ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ താരവുമായി നായകൻ. ഹങ്കറിയുടെ വല കുലുക്കുമ്പോള്‍ പ്രായം 36 വയസും 130 ദിവസവും.

കളി തീരുന്നതിന് തൊട്ടുമുൻപ് റൊണാൾഡോ യൂറോകപ്പിലെ പതിനൊന്നാം ഗോളും സ്വന്തം പേരിൽ കുറിച്ചു. ടൂർണമെന്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന പ്രായമേറിയ താരമായി. ഉക്രൈൻതാരം ആന്ദ്രേ ഷെവ്ചെങ്കോയുടെ റെക്കോർഡാണ് മറികടന്നത്. അന്താരാഷ്‌ട്ര ഫുട്ബോളില്‍ 176 കളിയിൽ പോർച്ചുഗലിനായി 106 ഗോളായി ഇതോടെ റൊണാൾഡോയുടെ സമ്പാദ്യം. 

ഇനി മുന്നില്‍...

മറ്റൊരു റെക്കോര്‍ഡ് കൂടി യൂറോയ്‌ക്കിടെ കടപുഴകുമോ എന്ന ആകാംക്ഷയിലാണ് റോണോ ആരാധകര്‍. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനായ അലി ദേയിയുടെ റെക്കോർഡിലേക്ക് റൊണാൾഡോയ്‌ക്ക് ഇനി മൂന്ന് ഗോളിന്റെ ദൂരം മാത്രമേയുള്ളൂ. 

യൂറോ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗല്‍ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഹങ്കറിയെ തോൽപിച്ചു. 84-ാം മിനുറ്റില്‍ റാഫേല്‍ ഗെറേറോയുടെ വകയായിരുന്നു ആദ്യ ഗോള്‍. എന്നാല്‍ 87, 90+2 മിനുറ്റുകളില്‍ ലക്ഷ്യം കണ്ട് റൊണാള്‍ഡോ റെക്കോര്‍ഡുകളിലേക്ക് പന്തടിക്കുകയായിരുന്നു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍; യൂറോയില്‍ ഹംഗറിക്കെതിരെ പോര്‍ച്ചുഗലിന് മിന്നുന്ന ജയം

മരണഗ്രൂപ്പില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ്; ജര്‍മനിക്ക് തോല്‍വി

'സുഖമായിരിക്കുന്നു, ഡെന്‍മാര്‍ക്കിനായി ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാകും'; ക്രിസ്റ്റ്യന്‍ എറിക്സണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!