Asianet News MalayalamAsianet News Malayalam

മരണഗ്രൂപ്പില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ്; ജര്‍മനിക്ക് തോല്‍വി

മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോള്‍ ഫ്രാന്‍സിന് ജയമൊരുക്കി. ജയത്തോടെ ഫ്രാന്‍സിന് മൂന്ന് പോയിന്റായി. ഗ്രൂപ്പില്‍ നേരത്തെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഹംഗറിയെ തോല്‍പ്പിച്ചിരുന്നു.
 

Euro 2020 Germany lost to France in Death Group
Author
Munich, First Published Jun 16, 2021, 2:30 AM IST

മ്യൂണിക്ക്: യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. മരണഗ്രൂപ്പില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലോക ചാംപ്യന്മാരായ ഫ്രാന്‍സ് ജയിച്ചത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജര്‍മനിയായിരുന്നു മുന്നില്‍. എന്നാല്‍ മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോള്‍ ഫ്രാന്‍സിന് ജയമൊരുക്കി. ജയത്തോടെ ഫ്രാന്‍സിന് മൂന്ന് പോയിന്റായി. ഗ്രൂപ്പില്‍ നേരത്തെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഹംഗറിയെ തോല്‍പ്പിച്ചിരുന്നു.

17-ാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ശ്രമം നടത്തിയത്. ഇടതുവശത്ത് കൂടി ജര്‍മന്‍ ബോക്‌സില്‍ കയറിയ കിലിയന്‍ എംബാപ്പെ വലങ്കാലുകൊണ്ട ഷോട്ടുതിര്‍ത്തു. എന്നാല്‍ മാനുവല്‍ നോയര്‍ക്ക് അനായാസം രക്ഷപ്പെടുത്താന്‍ ഉണ്ടായിരുന്നുള്ളൂവത്. മൂന്ന് മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് ലീഡ് നേടി. ഇടത് വിംഗില്‍ നിന്നും ഓടിയെത്തിയ ലൂകാസ് ഹെര്‍ണാണ്ടസ് പോള്‍ പോഗ്ബയി നിന്നും പാസ് സ്വീകരിച്ചു. ഹെര്‍ണാണ്ടസിന്റെ ശക്തിയേറിയ ക്രോസില്‍ അപകടം ഒഴിവാക്കുന്നതിനിടെ ജര്‍മന്‍ പ്രതിരോധ താരം ഹമ്മല്‍സ് സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റി. 

22-ാം മിനിറ്റില്‍ റോബിന്‍ ഗോസന്‍സിന്റെ ക്രോസില്‍ തോമസ് മുള്ളര്‍ തലവച്ചെങ്കിലും പോസ്റ്റിനോട് അല്‍പം മാറി പുറത്തേക്ക് പോയി. 37-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ ഗോള്‍ ശ്രമവും പുറത്തേക്ക് പോയി. ഇതോടെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ അല്‍പംകൂടി ആക്രമിച്ച് കളിക്കുന്ന ജര്‍മനിയെയാണ് കണ്ടത്. 

എന്നാല്‍ രണ്ടാംപാതിയിലും ആദ്യ ഗോള്‍ശ്രമം നടത്തിയത് ഫ്രാന്‍സായിരുന്നു. 51-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 53-ാം മിനിറ്റില്‍ ഗോസന്‍സിന്റെ മറ്റൊരു ക്രോസ് ഫ്രഞ്ച് ബോക്‌സിലേക്ക്. ഫാര്‍ പോസ്റ്റില്‍ കാത്തുനില്‍ക്കുകയായിരുന്ന സെര്‍ജ് ഗ്നാബ്രിയുടെ വോളി പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.

ഇതിനിടെ ഒരു തവണ എംബാപ്പെയും മറ്റൊരു തവണ കരീം ബെന്‍സേമയും ജര്‍മന്‍ ഗോള്‍വല കുലുക്കി. എന്നാല്‍ രണ്ട് തവണയും വാര്‍ വിനയായി. ഇന്ന് വൈകിട്ട് 6.30ന് ഗ്രൂപ്പ് ബിയില്‍ റഷ്യ, ഫിന്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് എയില്‍ രാത്രി 9.30ന് തുര്‍ക്കി വെയ്ല്‍സിനേയും രാത്രി 12.30ന് ഇറ്റലി സ്വിറ്റ്സര്‍ലന്‍ഡിനേയും നേരിടും. 

Follow Us:
Download App:
  • android
  • ios