
ലിസ്ബണ്‍: പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് തന്റെ വിരമിക്കലിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-27 സീസണ്‍ തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നാണ് 41 കാരനായ പോര്‍ച്ചുഗല്‍ നായകന്റെ പ്രതികരണം. വിരമിക്കലിന് മുമ്പ് റൊണാള്‍ഡോയ്ക്ക് മുന്നില്‍ ഇനിയും വലിയ ലക്ഷ്യങ്ങളുണ്ട്. ഇതിനകം ക്ലബ്ബിനും രാജ്യത്തിനുമായി 1,330 മത്സരങ്ങളില്‍ നിന്ന് 976 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ചരിത്രപ്രധാനമായ 1,000 ഗോളുകള്‍ തികയ്ക്കാന്‍ ഇനി വെറും 24 ഗോളുകള്‍ കൂടി മാത്രം മതി.
വിരമിക്കലുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോ പറഞ്ഞതിങ്ങനെ... ''ഇത് ഫുട്‌ബോളിലെ എന്റെ അവസാന വര്‍ഷമായിരിക്കാം. ഒരു ലെഗസി അവശേഷിപ്പിച്ചുകൊണ്ട് കളം വിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മുഴുവന്‍ ഭാവിയും ഞാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നെ തിരക്കോടെ നിലനിര്‍ത്താന്‍ നിരവധി കാര്യങ്ങളുണ്ട്. ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിടപറയുമ്പോള്‍ ആരോടും മുന്‍കൂട്ടി പറയില്ല. അതൊരു പെട്ടെന്നുള്ള തീരുമാനമായിരിക്കും, എന്നാല്‍ വളരെ ആലോചിച്ച് എടുത്ത ഒന്നായിരിക്കും അത്. ഫസ്റ്റ് ടീമിന്റെയോ മറ്റേതെങ്കിലും ടീമിന്റെയോ പരിശീലകനാകാന്‍ ഞാന്‍ ആലോചിക്കുന്നതേയില്ല. എന്റെ ഭവികാലം അതിലൂടെയാണെന്ന് ഞാന്‍ കാണുന്നില്ല.'' ക്രിസ്റ്റ്യാനോ പറഞ്ഞു. ജോര്‍ജീന റോഡ്രിഗസുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍.
സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനൊപ്പമുള്ള റൊണാള്‍ഡോയുടെ പ്രകടനങ്ങള്‍ ഇപ്പോഴും മികച്ച രീതിയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ സൗദി ലീഗില്‍ 28 ഗോളുകള്‍ നേടിയ താരം ഗോള്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി. എല്ലാ ടൂര്‍ണമെന്റുകളിലുമായി ആകെ 39 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ വമ്പന്‍ ക്ലബ്ബുകളിലൂടെയും മാഞ്ചസ്റ്ററിലെ രണ്ടാം വരവിലൂടെയും കടന്നാണ് റൊണാള്‍ഡോ 2023ല്‍ അല്‍ നസ്‌റിലെത്തിയത്.
വിരമിക്കലിനുശേഷം ഫുട്‌ബോളില്‍ തുടരുമെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു പരിശീലകനാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമയാകുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!