ക്യാമ്പ് വിടാനുണ്ടായ യഥാർത്ഥ കാരണം ഉടൻ തന്നെ ആരാധകരെയും രാജ്യത്തെയും അറിയിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

കോപ്പൻഹേഗൻ: പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് പോർച്ചുഗൽ ദേശീയ ടീമിന്‍റെ പരിശീലന ക്യാമ്പ് വിട്ട് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ പരിശീലനം നടക്കവേയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോൻസയുമായി സംസാരിച്ച ശേഷമാണ് ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ക്യാമ്പ് വിടാനുണ്ടായ യഥാർത്ഥ കാരണം ഉടൻ തന്നെ ആരാധകരെയും രാജ്യത്തെയും അറിയിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ദേശീയ ടീമിനോടുള്ള സ്നേഹവും സമർപ്പണവും എപ്പോഴും ഒപ്പമുണ്ടാകുമെന്നും, സഹതാരങ്ങൾക്ക് വരും മത്സരങ്ങളിൽ വിജയാശംസകൾ നേരുന്നതായും റൊണാള്‍ഡോ എക്സ് പോസ്റ്റില്‍ കുറിച്ചു. ഈ സംഭവത്തോടെ മുപ്പത്തൊൻപതുകാരനായ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.

നേഷൻസ് ലീഗിൽ നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ പൂർണ്ണമായും ബെഞ്ചിലിരുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിൽ ഗൊൺസാലോ റാമോസിന്‍റെ ഗോളിൽ പോർച്ചുഗൽ 2-1 ന് ജയിച്ചെങ്കിലും, മത്സരശേഷം സഹതാരങ്ങൾക്കൊപ്പം കാണികളെ അഭിവാദ്യം ചെയ്യാതെ റൊണാൾഡോ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു.

Scroll to load tweet…

കളിക്കാരുടെ ഭൂതകാലവും പ്രശസ്തിയും നോക്കിയല്ല, നിലവിലെ പ്രകടനം മാത്രം വിലയിരുത്തിയാണ് ടീമിൽ അവസരം നൽകുന്നതെന്ന് പരിശീലകൻ ജോർജ്ജ് ജീസസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റൊണാൾഡോയെപ്പോലുള്ള ഒരു താരത്തിന് 30 മിനിറ്റ് വാം-അപ്പ് ചെയ്ത ശേഷം കളത്തിലിറങ്ങാൻ കഴിയാത്തതിൽ നിരാശയുണ്ടാകാം എന്നാൽ ടീമിന്‍റെ തന്ത്രങ്ങളും ആദ്യ ഇലവനും തീരുമാനിക്കുന്നത് താനാണെന്നും ഒരു താരത്തിനും പ്രസിഡന്‍റിനും അതിൽ മാറ്റം വരുത്താനാകില്ലെന്നും ജീസസ് തുറന്നടിച്ചു.

പരിശീലകന്‍റെ ഈ പരസ്യ നിലപാടിൽ പ്രകോപിതനായാണ് റൊണാൾഡോ ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡറേഷൻ പ്രസിഡന്‍റ് നേരിട്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇതിഹാസ താരം ഇത്തരമൊരു വിവാദപരമായ സാഹചര്യത്തിൽ ടീം വിട്ടത് പോർച്ചുഗീസ് ഫുട്ബോളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക