
40 വയസായി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്. എന്നാല്‍, അമേരിക്കൻ വെയറബിൾ ടെക്നോളജി കമ്പനിയായ വൂപ് നടത്തിയ പഠനത്തില്‍ താരത്തിന്റെ ശരീരം വ്യക്തമാക്കുന്ന പ്രായം വെറും 28 വയസാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. പഠനവിവരം പുറത്തുവന്നതിന് ശേഷം ഇനിയും തനിക്ക് 10 വര്‍ഷം കൂടി ഫുട്ബോള്‍ കളിക്കാമെന്ന് തമാശരൂപേണ ക്രിസ്റ്റ്യാനൊ പറയുകയും ചെയ്തു.
ഹൃദയമിടിപ്പ് മുതല്‍ ശരാരീരിക ക്ഷമത നിരീക്ഷിക്കുന്ന വാച്ചിന് സമാനമായുള്ള ഉപകരണമാണ് വൂപ്പ്. ക്രിസ്റ്റ്യാനോയ്ക്ക് പുറമെ പല ലോകോത്തര താരങ്ങളും നിലവില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കൈ ശ്രദ്ധിച്ചാല്‍ ഇത് കാണാനാകും.
വൂപിന്റെ പോഡ്കാസ്റ്റില്‍ ക്രിസ്റ്റ്യാനൊ തന്നെ അതിശയം പ്രകടിപ്പിച്ചു. ഇത്ര മികച്ച കായികക്ഷമതയുള്ള ശരീരമാണ് എന്റെ എന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എന്റെ പ്രായം 28 വയസും ഒൻപത് മാസവുമാണ്. അപ്പോള്‍ ഒരു പത്ത് വര്‍ഷം കൂടി എനിക്ക് ഫുട്ബോള്‍ കളിക്കാനാകുമല്ലോ, ക്രിസ്റ്റ്യാനൊ പറഞ്ഞു.
ക്രിസ്റ്റ്യാനൊ ഒരു ദിവസം കുറഞ്ഞത് 17,000 ചുവടുകള്‍ നടക്കുമെന്ന് പോഡ്കാസ്റ്റില്‍ വൂപ്പ് വെളിപ്പെടുത്തി. "ഇങ്ങനെയാണ് എന്റെ ജീവിതം. ഞാൻ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഫുട്ബോള്‍ കളിക്കുകയോ കുട്ടികളോടൊപ്പം കളിക്കുകയോ ചെയ്യും. ഏറ്റവും പ്രധാനമായി ഞാൻ ഏഴ് മണിക്കൂറിലധികം ദിവസവും ഉറങ്ങും. ഈ സമയത്താണ് നമുക്ക് ഏറ്റവുമധികം വീണ്ടെടുപ്പ് നടത്താനും ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാനും കഴിയുക. ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. 11-12 ആകുമ്പോള്‍ ഉറങ്ങും. 8.30-8.45 സമയത്ത് എഴുന്നേല്‍ക്കും," പോര്‍ച്ചുഗല്‍ താരം പറഞ്ഞു.
"പ്രായം കുറവുള്ള സമയത്ത് നമുക്ക് ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ പ്രായം കൂടുമ്പോള്‍ ഫുട്ബോള്‍ കളിക്കണമെങ്കില്‍ ശരീരത്തില്‍ ഒരുപാട് പരിശ്രമങ്ങള്‍ നടത്തേണ്ടി വരും. അത് നിങ്ങള്‍ നിയന്ത്രിക്കേണ്ട ഒന്നാണ്. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യണം. ഇതെല്ലാം എന്റെ പരിചയസമ്പത്തില്‍ നിന്നുണ്ടായ അറിവുകളാണ്," ക്രിസ്റ്റ്യാനൊ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!