
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവി അനിശ്ചിത്വത്തില്‍. ക്ലബിനെതിരെ രൂക്ഷമായി സംസാരിച്ചതോടെയാണ് താരത്തിന്റെ ക്ലബിലെ നിലനില്‍പ്പ് തന്നെ തുലാസിലായത്. നേരത്തെ, മാഞ്ചസ്റ്റര്‍ കോച്ച് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും അസ്വരസ്യങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്ങനെയെങ്കിലും ക്ലബ് വിടാന്‍ ശ്രമിച്ച റൊണാള്‍ഡോയെ പല മുന്‍നിര ക്ലബുകളും തഴഞ്ഞു.
ടെന്‍ ഹാഗ് ആവട്ടെ താരത്തെ പ്ലയിംഗ് ഇലവനിലേക്ക് വേണ്ട രീതിയില്‍ പരിഗണിച്ചതുമില്ല. ഒരിക്കല്‍ മത്സരം പൂര്‍ത്തിയാവും മുമ്പ് ക്രിസ്റ്റ്യാനോ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് വിവാദമായി. തുടര്‍ന്ന് താരത്തെ ഒരു കളിയില്‍ നിന്ന് ക്ലബ് വിലക്കി. ഇപ്പോല്‍ ക്ലബിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോ. 38കാരന്റെ വാക്കുകള്‍... ''എനിക്ക് പരിശീലകന്‍ ടെന്‍ ഹാഗിനോട് ഒരുതരത്തിലും ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെയും ബഹുമാനിക്കുന്നില്ല. ക്ലബിന്റെ നല്ലതിനാണ് ഞാന്‍ മാഞ്ചസ്റ്ററില്‍ തുടരുന്നത്.
എന്നെ ക്ലബില്‍ നിന്ന് പുറത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ പരിശീകന്‍ മാത്രമല്ല, വേറെയും കുറെ പേരുണ്ട്. എന്താണ് നടക്കുന്നതെന്നറിയില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലര്‍ക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ആയിരുന്നു. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല.'' പിയേഴ്‌സ് മോര്‍ഗനു നല്‍കിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്.
മുന്‍ മാഞ്ചസ്റ്റര്‍ താരം വെയ്ന്‍ റൂണിക്കെതിരേയും ക്രിസ്റ്റ്യാനോ സംസാരിക്കുന്നുണ്ട്. ''റൂണി എന്തുകൊണ്ടാണ് എന്നെ വിമര്‍ശിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ അദ്ദേഹം ഫുട്‌ബോള്‍ നിര്‍ത്തിട്ടും ഞാന്‍ ഉയര്‍ന്ന് തലത്തില്‍ കളിക്കുന്നതുകൊണ്ടാവാം. അദ്ദേഹത്തെക്കാള്‍ മികച്ചവനാണ് ഞാനെന്നുള്ളത് സത്യമാണെങ്കിലും ഞാനത് പറയുന്നില്ല.'' ക്രിസ്റ്റ്യാനോ പറഞ്ഞു.
മോര്‍ഗനുമായുള്ള അഭിമുഖത്തെപ്പറ്റി നേരത്തെ തന്നെ ക്രിസ്റ്റ്യാനോ സൂചിപ്പിച്ചിരുന്നു. സുഹൃത്ത് എഡു അഗ്വറെയുടെ ഇന്‍സ്റ്റാ പോസ്റ്റില്‍ കമന്റായാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം കുറിച്ചത്.