
ലിസ്ബണ്‍: 2026 ഓടെ ലോകകപ്പ് ഫുട്‌ബോളിനോട് വിടപറയുമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന ടൂര്‍ണമെന്റ് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പായിരിക്കും. എന്നാല്‍ ലോകകപ്പിന് ശേഷം ഒരു വര്‍ഷം കൂടി ഫുട്‌ബോളില്‍ തുടരുമെന്നുള്ള സൂചനയും ക്രിസ്റ്റിയാന നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം എനിക്ക് 41 വയസാവുമെന്നും ഒന്നോ രണ്ടോ വര്‍ഷം കൂടി ഫുട്‌ബോളില്‍ തുടരുമെന്നും ക്രിസ്റ്റിയാനോ പറയുന്നു.
യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചാല്‍ പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടും. കഴിഞ്ഞ ദിവമാണ് വിരമിക്കലിനെ കുറിച്ച് ക്രിസ്റ്റ്യാനോ ആദ്യമായി സൂചന നല്‍കിയത്. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെന്നും റൊണാള്‍ഡോ പറഞ്ഞു. പോര്‍ച്ചുഗലിനായി 143 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ കരിയറില്‍ ആകെ 950 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. പണം തന്നെ മോഹിപ്പിക്കുന്നില്ലെന്നും. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം.
അടുത്തവര്‍ഷത്തെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമിനൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലിയോണല്‍ മെസി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമേ ലോകകപ്പില്‍ കളിക്കൂയെന്നും ടീമിന് ബാധ്യതയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു. ആറാമത്തെ ലോകകപ്പിന് തയ്യാറെടുക്കുന്ന മെസി 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്‌ബോള്‍ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച ബാഴ്‌സലോണയിലേക്ക് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും മെസി വ്യക്തമാക്കി.
ഇരുപതുവര്‍ഷത്തോളം ചെലവഴിച്ച ബാഴ്‌സലോണയില്‍ നിന്ന് 2021ലാണ് മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയത്. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു മെസിയുടെ പടിയിറക്കം. ഇതിന് ശേഷം ആദ്യമായി മെസി കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗ സന്ദര്‍ശിച്ചിരുന്നു. സ്പാനിഷ് ക്ലബിന്റെ നവീകരിച്ച കാംപ് നൗ സ്റ്റേഡിയം കാണാനാണ് മെസി എത്തിയത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ മെസി ബാഴ്‌സലോണയിലേക്ക് പറക്കുകയായിരുന്നു.