
ബ്യൂണസ് അയേഴ്സ്: ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫഎ). ഇൻഫാന്‍റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്‍റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു.
ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള 'ഫിഫ ഫോർവേഡ് എന്‍റർപ്രൈസ്' (എഫ്എപ്ഇ) പദ്ധതിക്കെതിരെ യുവേഫ അടക്കമുള്ള പ്രമുഖ കോൺഫെഡറേഷനുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതി പിൻവലിക്കുകയും വീഴ്ച സംഭവിച്ചതിൽ 211 അംഗ ഫെഡറേഷനുകളോട് ഫിഫ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ സമൂഹത്തിനിടയിൽ വ്യക്തതയേക്കാളേറെ ആശങ്കകൾ സൃഷ്ടിച്ച പദ്ധതി പിൻവലിക്കാനും, പിഴവ് പരസ്യമായി അംഗീകരിച്ച് 211 അംഗരാജ്യങ്ങൾക്കും മാപ്പപേക്ഷ അയക്കാനും ഫിഫ തയാറായത് ഭരണപരമായ ജനാധിപത്യത്തിനും സുതാര്യതയ്ക്കും തെളിവാണെന്ന് എഎഫ്എ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇൻഫാന്‍റിനോയുടെ നേതൃത്വത്തിൽ ഫിഫയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാ ഫെഡറേഷനുകൾക്കും തുറന്ന സംവാദത്തിനുള്ള അവസരം ഒരുക്കാൻ ഇന്‍ഫാന്‍റിനോയുടെ ഭരണത്തിന് സാധിച്ചതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
#Institucional Respaldo a la gestión realizada los últimos 10 años por Gianni Infantino en la FIFA
📘https://t.co/LlgxadxJ5q pic.twitter.com/REqxzApp97— AFA (@afa) August 6, 2026
വരാനിരിക്കുന്ന ഫിഫ കോൺഗ്രസിന് മുന്നോടിയായി ഇൻഫാന്‍റിനോയുടെ നേതൃത്വത്തിൽ തന്നെ മുന്നോട്ടുപോകുമെന്നും, കൂടുതൽ ഉൾക്കൊള്ളുന്നതും മികവുറ്റതുമായ ഫുട്ബോൾ അന്തരീക്ഷം കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും എ.എഫ്.എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ ഒപ്പുവെച്ച പ്രസ്താവനയിൽ അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ചിൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാകുന്നതിനിടെ, അർജന്‍റീനയുടെ പിന്തുണ ഇൻഫാന്‍റിനോയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അര്‍ജന്‍റീനക്ക് പുറമെ മൊറോക്കോ, ഈജിപ്ത്, നൈജീരിയ അസോസിയേഷനുകളും ഇന്‍ഫാന്‍റിനോക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!