
സൂറിച്ച്: സ്വന്തം പ്രസിഡന്‍റ് കസേര സംരക്ഷിക്കുന്നതിനായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്‍റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന വാദങ്ങൾ ശക്തമായി നിഷേധിച്ച് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ). ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്.
ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ വരാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിശ്വസ്തരായ ആഫ്രിക്കൻ രാജ്യങ്ങളുടെയും മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനാണ് ഇൻഫാന്‍റിനോ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതിന്‍റെ ഭാഗമായി കാസബ്ലാങ്കയിൽ നിർമ്മാണത്തിലിരിക്കുന്ന 1,15,000 കാണികളെ ഉൾക്കൊള്ളാവുന്ന അത്യാധുനിക ഹസൻ രണ്ടാമൻ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം നടത്താമെന്ന് ഇൻഫാന്‍റിനോ മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ദി ടൈംസിന്‍റെ റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് ഫിഫ വക്താവ് വ്യക്തമാക്കി. 2030 ലോകകപ്പ് ഫൈനൽ വേദിയുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്‍റ് ഏതെങ്കിലും രാജ്യത്തിന് വാഗ്ദാനം നൽകിയെന്ന വാദം സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഫൈനൽ മത്സരത്തിന്റെ വേദി സംബന്ധിച്ച് യഥാസമയം ഫിഫ ഔദ്യോഗികമായി തീരുമാനമെടുക്കും-ഫിഫ വക്താവ് പറഞ്ഞു.
അതിനിടെ, ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള 'ഫിഫ ഫോർവേഡ് എന്‍റർപ്രൈസസ്' പദ്ധതിയനുസരിച്ച് ഉണ്ടായ തെറ്റുകൾക്ക് ഫിഫ കൗൺസിലിനോടും അംഗരാജ്യങ്ങളോടും കത്തിലൂടെ ഔദ്യോഗികമായി മാപ്പുപറഞ്ഞു. നീക്കം വൻ എതിർപ്പുകൾക്ക് വഴിവെച്ചതോടെ ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചതായിഫിഫ വ്യക്തമാക്കി. സെക്രട്ടറി ജനറൽ മത്യാസ് ഗ്രാഫ്സ്ട്രോം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ അസോസിയേഷനുകളും നിലവിൽ ഇൻഫാന്‍റിനോയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും യൂറോപ്യൻ ബോഡികളിൽ നിന്ന് അദ്ദേഹത്തിന്‍റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമാണ്. 2030 ലോകകപ്പ് ഫൈനൽ വേദിക്കായി സ്പെയിനിലെ സാന്തിയോഗോ ബെർണാബ്യൂവും മൊറോക്കോയിലെ ഹസൻ സ്റ്റേഡിയവും തമ്മിലാണ് മത്സരം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!