ഡ്യൂറന്‍റ് കപ്പ്: മൂന്ന് കളിക്കാര്‍ക്ക് ചുവപ്പുകാര്‍ഡ്, ബംഗലൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

By Web TeamFirst Published Sep 15, 2021, 5:27 PM IST
Highlights

രണ്ടാം പകുതിയില്‍ മൂന്ന് പ്രതിരോധനിര താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് എട്ടുപേരുമായാണ്  ബ്ലാസ്റ്റേഴ്സ്  മത്സരം പൂര്‍ത്തിയാക്കിയത്.

ബംഗലൂരു: ഡ്യൂറന്‍റ് കപ്പ് ഫുട്ബോളില്‍ മൂന്ന് കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് എട്ടു പേരായി ചുരുങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ബംഗലൂരു എഫ് സിക്കെതിരെ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബംഗലൂരു എഫ് സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.

രണ്ടാം പകുതിയില്‍ മൂന്ന് പ്രതിരോധനിര താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് എട്ടുപേരുമായാണ്  ബ്ലാസ്റ്റേഴ്സ്  മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിയില്‍ നാംഗ്യാല്‍ ബൂട്ടിയ ഫ്രീ കിക്കിലൂടെ ബംഗലൂരുവിനെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ റൂയിവാ ഹോമിപാം പുറത്തായി. തൊട്ടുപിന്നാലെ ലിയോണ്‍ അഗസ്റ്റിന്‍ ബംഗലൂരുവിന് രണ്ടാം ഗോള്‍ സമ്മാനിച്ചു.

അതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ സന്ദീപ് സിംഗും ദേനചന്ദ്ര മെയ്തിയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.. ഇതോടെ ഗോള്‍ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമങ്ങളും അവസാനിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് 21ന് ഡല്‍ഹി എഫ് സിയെ നേരിടും. നാലു ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് ക്വാര്‍ട്ടറിലെത്തുക.

click me!