43 മത്സരങ്ങളിലെ സ്പെനിയിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്, ലോകചാമ്പ്യൻമാര്‍ക്കെതിരെ ആവേശജയം

Published : Nov 16, 2026, 02:37 PM IST
Harry Kane

Synopsis

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരായ സ്പെയിനിനെ ഇംഗ്ലണ്ട് 3-2 ന് പരാജയപ്പെടുത്തി. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രതിരോധം തീർത്താണ് ഇംഗ്ലണ്ട് സ്പെയിനിന്റെ 43 മത്സരങ്ങളുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചത്.

മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ3-ലെ ആവേശപ്പോരാട്ടത്തിൽ ലോകചാമ്പ്യന്മാരായ സ്പെയിനിനെ അവരുടെ തട്ടകത്തിൽ അട്ടിമറിച്ച് ഇംഗ്ലണ്ട് (3-2). എലിയറ്റ് ആൻഡേഴ്സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അവസാന അരമണിക്കൂർ പത്തുപേരായി ചുരുങ്ങിയിട്ടും സ്പെയിനിന്‍റെ ശക്തമായ തിരിച്ചുവരവിനെ അതിജീവിച്ചാണ് തോമസ് ടുഷേലിന്‍റെ സംഘം ചരിത്രവിജയം സ്വന്തമാക്കിയത്. ഇതോടെ 43 മത്സരങ്ങളായി തുടർന്നിരുന്ന സ്പെയിനിന്‍റെ അപരാജിത കുതിപ്പിന് വിരാമമിട്ട ഇംഗ്ലണ്ട്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിൽ സീഡിംഗ് ഉറപ്പാക്കി.

മാഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഒരു മണിക്കൂർ ഇംഗ്ലണ്ടിന്‍റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ പൗ കുബാർസി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. കെയ്നിന്റെ 93-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡെക്ലാൻ റൈസിന്‍റെ കോർണറിൽ നിന്ന് ഹെഡ്ഡറിലൂടെ എസ്രി കോൻസയും (53-ാം മിനിറ്റ്), തൊട്ടുപിന്നാലെ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ പാസിൽ നിന്ന് ബെൻ വൈറ്റും (57-ാം മിനിറ്റ്) ഗോൾ നേടിയതോടെ ഇംഗ്ലണ്ട് 3-0 എന്ന ശക്തമായ നിലയിലെത്തി. ഈ സമയം വരെ സ്പെയിനിന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ 63-ാം മിനിറ്റിൽ ജാരെൽ ക്വാൻസയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത ലാമിൻ യമാലിനെ ഫൗൾ ചെയ്തതിന് എലിയറ്റ് ആൻഡേഴ്സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കളി മാറി. ഇതിലൂടെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൈക്കൽ ഒയാർസബാൽ സ്പെയിനിന്‍റെ തിരിച്ചുവരവിന് തുടക്കമിട്ടു. 75-ാം മിനിറ്റിൽ ആന്‍റണി ഗോർഡനിൽ നിന്ന് പന്ത് തട്ടിയെടുത്ത സ്പെയിൻ, ലാമിൻ യമാലിന്‍റെ ക്രോസിൽ നിന്ന് പകരക്കാരനായെത്തിയ നിക്കോ വില്യംസിലൂടെ രണ്ടാം ഗോളും നേടി.

രക്ഷകനായി ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡ്

ജോർദാൻ പിക്ഫോർഡിന് പകരം ഇംഗ്ലണ്ട് വല കാത്ത ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡിന്‍റെ തകർപ്പൻ പ്രകടനമാണ് അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിന് തുണയായത്. സമനില ഗോളിനായി സ്പെയിൻ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടപ്പോൾ, ഫെർമിൻ ലോപ്പസിന്‍റെ ഷോട്ടും തൊട്ടുപിന്നാലെ റീബൗണ്ടിൽ ഒയാർസബാലും ലാപോർട്ടെയും നടത്തിയ ശ്രമങ്ങളും ട്രാഫോർഡ് അവിശ്വസനീയമാംവിധം തടുത്തിട്ടു. നിക്കോ വില്യംസിനെ തടഞ്ഞ ബെൻ വൈറ്റിന്‍റെ നിർണ്ണായക ടാക്കിളും ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ നിർണായകമായി. സ്പെയിനിനെതിരെ അവരുടെ നാട്ടിൽ പത്തുപേരുമായി 30 മിനിറ്റ് പിടിച്ചുനിൽക്കുക എന്നത് മൂന്ന് മണിക്കൂർ കളിക്കുന്നതിന് തുല്യമാണ്. ടീമിന്‍റെ പോരാട്ടവീര്യവും ഒത്തൊരുമയും അഭിനന്ദനാർഹമാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേൽ മത്സരശേഷം പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മത്സരത്തിന് മുൻപ് സ്പെയിൻ താരങ്ങൾ ലോകകപ്പ് ട്രോഫിയുമായി ഗ്രൗണ്ടിൽ നടത്തിയ ആഘോഷങ്ങൾ തങ്ങൾക്ക് കൂടുതൽ വാശി നൽകിയെന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ പ്രതികരിച്ചു. അടുത്ത യൂറോപ്യൻ ചാമ്പ്യന്മാരും ലോകചാമ്പ്യന്മാരും ഞങ്ങളായിരിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഈ വിജയം നൽകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ അവരുടെ നാട്ടിൽ പത്തുപേരുമായി വിജയം നിലനിർത്താൻ സാധിച്ചത് ടീമിന്‍റെ മാനസിക കരുത്താണ് കാണിക്കുന്നനെന്നും കെയ്ൻ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂര്‍ വാരിയേഴ്‌സിനെ അഞ്ച്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു; എസ്‌ എല്‍ കെ ഷീല്‍ഡ്‌ കാലിക്കറ്റ്‌ എഫ്‌ സിക്ക്‌, മലപ്പുറവും കാലിക്കറ്റും സെമിയില്‍
'സ്‌പെയ്‌നില്‍ വംശീയതയില്ലെന്ന്‌ ഇംഗ്ലണ്ട്‌ പരിശീലകനെ ആരെങ്കിലും പറഞ്ഞ്‌ മനസിലാക്കൂ';വിനീഷ്യസും യമാലും നേരിട്ടത്‌ ഫ്യുന്റെ അറിഞ്ഞില്ലേ ?