
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഷീൽഡ് കാലിക്കറ്റ് എഫ് സിക്ക്. രണ്ട് റൗണ്ട് മത്സരങ്ങൾ ശേഷിക്കെ കണ്ണൂർ വാരിയേഴ്‌സ് എഫ് സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് കാലിക്കറ്റ് ആദ്യമായി ഏർപ്പെടുത്തിയ ഷീൽഡ് ഉറപ്പിച്ചത്. എട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ കാലിക്കറ്റ് എഫ്സിയും മലപ്പുറം എഫ്‌സിയും സെമി ഫൈനലിലും ഇടമുറപ്പാക്കി.
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ കാലിക്കറ്റിനായി മാക്സിമിലിയാനോ ഹാട്രിക്ക് നേടി. പ്രശാന്തും ലിയോ ഡേവിഡും ഓരോ തവണയും ലക്ഷ്യം കണ്ടു. എട്ട് കളികളിൽ കാലിക്കറ്റ് 20 പോയന്റുമായി ടേബിളിൽ ഒന്നാമത് തുടരുമ്പോൾ ഇത്രയും കളികളിൽ ഏഴ് പോയന്റുമായി കണ്ണൂർ അവസാന സ്ഥാനത്താണ്.
മത്സരത്തിൽ 14-ാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ കാലിക്കറ്റ് ലീഡെടുത്തു. ലിയനാർഡോയെ ഗോൾകീപ്പർ ഹജ്മൽ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാക്സിമിലിയാനോ അനായാസം വലയിലാക്കി (1–0). നാല് മിനിറ്റിനകം കണ്ണൂർ പത്ത് പേരായി ചുരുങ്ങി. കാൽവിൻ തോമസിനെ ഇടിച്ച എസ് മനോജിന് റഫറി ചുവപ്പ് കാർഡ് കാണിച്ചു. 40-ാം മിനിറ്റിൽ നായകൻ പ്രശാന്തിന്റെ ക്ലിനിക്കൽ ഫിനിഷിൽ കാലിക്കറ്റ് രണ്ട് ഗോളുകൾക്ക് മുന്നിൽ. ഒന്നാംപകുതിയുടെ ഇഞ്ചുറി ടൈമിൽ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ മാക്സിമിലിയാനോ സ്കോർ (3-0) ആക്കി.
രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നാലാക്കി. ഇടതു വിങ്ങിലൂടെ മുന്നേറി മുഹമ്മദ് ആഷിഖ് നൽകിയ പാസ് ലിയോ ഡേവിഡ് ഗോളാക്കി (4-0). 67-ാം മിനിറ്റിൽ മാക്സിമിലിയാനോ ഒറ്റയ്ക്ക് മുന്നേറി സ്കോർ ചെയ്തു (5-0).
ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (നവംബർ 20) ഫോഴ്‌സ കൊച്ചി എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ (2-1) ന് കണ്ണൂരിനായിരുന്നു വിജയം.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!