പെനൽറ്റി നഷ്ടമാക്കിയപ്പോഴെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു; ബുക്കായോ സാക്ക

By Web TeamFirst Published Jul 15, 2021, 11:09 PM IST
Highlights

മത്സരശേഷമുള്ള എന്റെ പ്രതികരണത്തിലുണ്ടായിരുന്നു അപ്പോഴത്തെ എന്റെ മാനസികാവസ്ഥ മുഴുവൻ. ഞാൻ കാരണം രാജ്യവും എന്റെ കുടുംബവും തലകുനിക്കേണ്ടി വന്നിരിക്കുന്നു. എന്നാൽ അതിനുശേഷം ലഭിച്ച മോശം പ്രതികരണങ്ങൾ കേട്ട് ഞാൻ തകർന്നില്ല.

ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ നിർണായക പെനൽറ്റി കിക്ക് നഷ്ടമാക്കിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാൻ പോകുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് ഇം​ഗ്ലണ്ട് സ്ട്രൈക്കർ ബുക്കായോ സാക്ക. ഇറ്റലിക്കെതിരായ തോൽവിക്കുശേഷം താനും മാർക്കസ് റാഷ്ഫോർഡും ജേഡൻ സാഞ്ചോസും നേരിട്ടതുപോലെയുള്ള വിദ്വേഷ പ്രചരണങ്ങൾ ഒരു കുട്ടിയും നേരിടരുതെന്നും സാക്ക ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ഏതാനും ദിസവമായി സമൂഹമാധ്യമങ്ങൾ ഞാൻ നോക്കാറില്ല. കുടുംബത്തിനൊപ്പമാണ് കൂടുതൽ സമയവും ചെലവഴിച്ചത്. എങ്കിലും സമൂഹമാധ്യമങ്ങിളൂടെയും നേരിട്ടും കഴി‍ഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയാൻ വാക്കുകളില്ല. ഇം​​ഗ്ലണ്ട് ടീമിന്റെ ഭാ​ഗമായിരിക്കുക എന്നത് തന്നെ വലിയ അഭിമാനമാണ്. ഈ ടീമിലെ എല്ലാവരും സഹോദരങ്ങളെപ്പോലായാണ്. എല്ലാവരിൽ നിന്നും എനിക്ക് ഒരുപാട് പഠിക്കാനായി.

55 വർഷത്തിനുശേഷം ഇം​ഗ്ലണ്ടിനെ ഒരു പ്രധാന ടൂർണമെന്റിൽ ഫൈനലിൽ എത്തിക്കാനായതും അതിൽ കളിക്കാൻ അവസരം ലഭിച്ചതും മറക്കാനാവില്ല. ആ മത്സരം കാണാൻ എന്റെ മാതാപിതാക്കളും ​ഗ്യാലറിയിലുണ്ടായിരുന്നു. ഞാൻ ഈ നിലയിലെത്താൻ അവർ ഒരുപാട് ത്യാ​ഗം സഹിച്ചിട്ടുണ്ട്. അവരെ അവിടെ കാണുക എന്നതായിരുന്നു എനിക്ക് എല്ലാം.

pic.twitter.com/KAibQRYH2T

— Bukayo Saka (@BukayoSaka87)

ഫൈനലിലെ നിർണായക പെനൽറ്റി കിക്ക് നഷ്ടമാക്കിയതിൽ എനിക്ക് വലിയ നിരാശയുണ്ട്. നമ്മൾ ജയിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ കിരീടം കൊണ്ടുവരാനാകാത്തതിൽ എല്ലാവരും എന്നോട് ക്ഷമിക്കണം. എന്നാൽ വിജയത്തിന്റെ വില ശരിക്കും അറിയാവുന്ന ഈ തലമുറ വരും വർഷങ്ങളിൽ നിങ്ങളെ നിരാശരാക്കില്ലെന്ന് ഞാൻ ഉറപ്പു തരാം. മത്സരശേഷമുള്ള എന്റെ പ്രതികരണത്തിലുണ്ടായിരുന്നു അപ്പോഴത്തെ എന്റെ മാനസികാവസ്ഥ മുഴുവൻ. ഞാൻ കാരണം രാജ്യവും എന്റെ കുടുംബവും തലകുനിക്കേണ്ടി വന്നിരിക്കുന്നു. എന്നാൽ അതിനുശേഷം ലഭിച്ച മോശം പ്രതികരണങ്ങൾ കേട്ട് ഞാൻ തകർന്നില്ല.

പ്രതിസന്ധിഘട്ടത്തിൽ എന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. കാരണം ഫുട്ബോൾ‌ എന്നാൽ അങ്ങനെയാണ്. എല്ലാ മതക്കാരും വംശക്കാരും വ്യത്യസ്ത പശ്ചാത്തലമുള്ളവരുമെല്ലാം പല വികാരങ്ങളുമായി ഒരുമിക്കുന്ന ഇടം. അവരെയെല്ലാം ഒരുമിപ്പിക്കുന്ന ഒരേയൊരു ഘടകമാകട്ടെ ഫുട്ബോളാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും ട്വിറ്ററിലുമെല്ലാം ഞങ്ങൾ നേരിട്ട വംശീയ അധിക്ഷേപത്തിലൂടെ ഇനിയൊരു കുട്ടിയും കടന്നുപോകാൻ ഇടവരരുത്. അവസാന പെനൽറ്റി നഷ്ടമാക്കിയപ്പോഴെ വരാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഏറ്റവും ശക്തമായ സമൂഹമാധ്യമങ്ങൾപോലും ഞങ്ങൾക്കെതിരായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്തോ എന്ന് സംശയമാണ്.

ഫുട്ബോളിൽ വംശീയ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞ് രം​ഗത്തുവരികയും ഞങ്ങളെ പിന്തുണക്കുകയും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്യുകയും പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമെല്ലാം ചെയ്ത എല്ലാവർക്കും നന്ദി. അടുത്ത കിരീടം നമ്മൾ ഉറപ്പായും നേടും-സാക്ക കുറിച്ചു.

ഇറ്റലിക്കെതിരായ ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി ഇം​ഗ്ലണ്ടിനെ കീഴടക്കി യൂറോ ചാമ്പ്യൻമാരായത്. ഷൂട്ടൗട്ടിൽ റാഷ്ഫോർഡിന്റെ കിക്ക് പുറത്ത് പോയപ്പോൾ സാഞ്ചോയുയുടെയും സാക്കയുടെയും കിക്കുകൾ ഇറ്റാലിയൻ ​ഗോൾ കീപ്പർ ഡൊന്നരുമ്മ തടുത്തിടുകയായിരുന്നു.

 ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!