പ്രതിരോധത്തിന് വീര്യം കൂടും; ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സില്‍

By Web TeamFirst Published Jul 15, 2021, 7:02 PM IST
Highlights

ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 33കാരനായ ഖബ്രയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പിട്ടത്.

കൊച്ചി: ബംഗളൂരു എഫ്‌സിയുടെ പ്രതിരോധതാരവുമായിരുന്ന ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. താരം ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക സ്ഥിരീകരണമായത്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 33കാരനായ ഖബ്രയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പിട്ടത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കുന്ന താരമാണ് ഖബ്ര. 

ദേശീയ ടീമിന് പുറമെ ഐ ലീഗിലും ഐഎസ്എല്ലിലും കളിച്ചുള്ള പരിചയമുണ്ട് താരത്തിന്. ഇന്ത്യന്‍ ഫുട്ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഈസ്റ്റ് ബംഗാളിനോടൊപ്പം കല്‍ക്കത്ത ഫുട്ബോള്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഐഎഫ്എ ഷീല്‍ഡ് എന്നിവ നേടി. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരം സ്പോര്‍ട്ടിംഗ് ഗോവയ്്ക്കായും കളിച്ചു. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് പുറമെ ചെന്നൈയിന് വേണ്ടിയും ബൂട്ടണിഞ്ഞു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരമാണ് ഖബ്ര. 

ആദ്യ മൂന്ന് സീസണുകളില്‍ ചെന്നൈയിന്റെ ഭാഗമായിരുന്നു ഖബ്ര. 2015ല്‍ കിരീടവും നേടി. പിന്നലെ 2018-19 സീസണില്‍ ബംഗളൂരു എഫ്‌സിക്കൊപ്പം രണ്ടാം ഐഎസ്എല്‍ കിരീടവും നേടി. മറ്റ് ഐഎസ്എല്‍ ക്ലബ്ബുകളില്‍ നിന്ന് താരത്തിന് ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമാണ് ഖബ്രയെ ആകര്‍ഷിച്ചത്.

ബ്ലാസ്റ്റേഴ്‌സില്‍ എത്തിപ്പെടാനായതില്‍ സന്തോഷമുണ്ടെന്ന ഖബ്ര വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പ് വയ്ക്കുന്ന നാലാമത്തെ പുതിയ താരമാണ് ഖബ്ര. ഈ സീസണില്‍ സഞ്ജീവ് സ്റ്റാലിന്‍, റുവ്വാ ഹോര്‍മിപാം, വിന്‍സി ബരേറ്റോ എന്നിവരും ബ്ലാസ്‌റ്റേഴ്‌സിലെത്തിയിരുന്നു.

click me!