
ലണ്ടന്‍: അമേരിക്കയില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ് ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെമ്പാടും വര്‍ണവിവേചനത്തിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. കളിക്കളത്തിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു. ഫുട്ബോള്‍ താരങ്ങളും ക്ലബ്ബുകളും കളിക്കളത്തിലെ വര്‍ണവിവേചനത്തിനെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല കമന്ററിയില്‍ പോലും ഈ വിവേചനം പ്രകടമാണെന്നാണ് ഡാനിഷ് സംഘടനയായ 'റണ്‍റിപ്പീറ്റ്' പ്രഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷനുമായി ചേര്‍ന്നു നടത്തിയ പഠനം പറയുന്നത്.
വെളുത്ത വര്‍ഗക്കാരനായ കളിക്കാരന്‍ ഗ്രൗണ്ടില്‍ മികവ് കാട്ടുമ്പോള്‍ അയാളെ കമന്റേറ്റര്‍മാര്‍ കഠിനാധ്വാനിയെന്നും ബുദ്ധിമാനെന്നും വിശേഷിപ്പിക്കുമ്പോള്‍ കറുത്തവര്‍ഗക്കാരന്റെ പ്രകടനത്തെ പലപ്പോഴും കായികബലം കൊണ്ടുള്ള മികവായി മാത്രം ചുരുക്കുവെന്നാണ് പഠനം പറയുന്നത്. യൂറോപ്പിലെ 2019-2020 ഫുട്ബോള്‍ സീസണിലെ 80 ഓളം മത്സരങ്ങളില്‍ കമന്റേറ്റര്‍മാര്‍ നടത്തിയ 2073 പരാമര്‍ശങ്ങള്‍ പരിശോധിച്ചാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇറ്റാലിയന്‍ ലീഗായ സീരി എ, ഫ്രഞ്ച് ലീഗ്, സ്പാനിഷ് ലീഗായ ലാ ലിഗ, ഇംഗ്ലീഷ് ലീഗായ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലെ മത്സരങ്ങളാണ് പഠനവിധേയമാക്കിയത്. വിവിധ നിറങ്ങളിലുള്ള 643 കളിക്കാരെക്കുറിച്ച് കമന്റേറ്റര്‍മാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് പരിശോധിച്ചത്. കറുത്തവര്‍ഗക്കാരായ കളിക്കാര്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കുന്ന പ്രകടനത്തെ കമന്റേറ്റര്‍മാര്‍ പലപ്പോഴും അവരുടെ ശാരീരിക പ്രത്യേകതകള്‍വെച്ചോ, കായികബലം വെച്ചോ വേഗം വെച്ചോ ഒക്കെയാണ് വിലയിരുത്താറുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.
കമന്റേറ്റര്‍മാര്‍ നടത്തിയ പ്രശംസയില്‍ 62 ശതമാനവും വെളുത്ത വര്‍ഗക്കാരായ കളിക്കാര്‍ക്കായിരുന്നുവെന്നും വിമര്‍ശനങ്ങളില്‍ 63.33 ശതമാനവും കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ക്കെതിരെ ആയിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കാണികളുടെ മനസില്‍ ഒരു കളിക്കാരനെക്കുറിച്ച് പ്രതിച്ഛായ നിര്‍മിക്കുന്നതിലും മുന്‍കാല പ്രതിച്ഛായ മായ്ച്ചുകളയുന്നതിലും കമന്റേറ്റര്‍മാര്‍ നടത്തുന്ന പ്രസ്താവനകള്‍ വലിയ സ്വാധീനം ചെലുത്താറുണ്ടെന്നും അതുകൊണ്ട് തന്നെ ഇത് കളിക്കാരന്റെ ഭാവിപോലും നിര്‍ണയിക്കാന്‍ കഴിയുന്ന കാര്യമാണെന്നും പ്രഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ജേസണ്‍ ലീ പറഞ്ഞു.
ഒരു കളിക്കാരന്റെ കരിയര്‍ കഴിഞ്ഞാലും കമന്റേറ്റര്‍മാര്‍ നടത്തിയിട്ടുള്ള ബുദ്ധിമാനായ കളിക്കാരന്‍ പോലുള്ള പരാമര്‍ശങ്ങള്‍ അയാള്‍ക്ക് ഭാവിയില്‍ പരിശീലക സ്ഥാനങ്ങളില്‍ പോലും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ കാരണമാകുന്നുണ്ടെന്നും ഇത് കറുത്ത വര്‍ഗക്കാരായ കളിക്കാരുടെ മേല്‍ ഇവര്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നുവെന്നും പഠനം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!