
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) കിരീടത്തിലേക്ക് അടുത്ത് മാഞ്ചസ്റ്റർ സിറ്റി (Man City). ന്യൂകാസിൽ യുണൈറ്റഡിനെ (Newcastle United FC) എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത സിറ്റി ലീഗിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. രണ്ടാംസ്ഥാനക്കാരായ ലിവർപൂളിനെക്കാൾ (Liverpool FC) മൂന്ന് പോയിന്റ് മുന്നിലാണിപ്പോൾ നിലവിലെ ചാമ്പ്യൻമാരായ സിറ്റി.
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡിനോട് ഏറ്റ തോൽവിയുടെ ക്ഷീണം ഗോൾവർഷത്തിൽ കഴുകിക്കളയുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി. കിരീടപ്പോരിൽ ഒപ്പത്തിനൊപ്പമുള്ള ലിവർപൂളിനെ പിന്നിലാക്കാൻ ജയത്തിൽ കുറഞ്ഞതൊന്നും പെപ് ഗാർഡിയോളയ്ക്കും സംഘത്തിനും മതിയാവുമായിരുന്നില്ല. പത്തൊൻപതാം മിനിറ്റിൽ റഹിം സ്റ്റെർലിംഗാണ് സ്കോറിംഗിന് തുടക്കമിട്ടത്.
ഇടവേളയ്ക്ക് മുൻപ് അയ്മറിക് ലപ്പോർട്ട ലീഡുയർത്തി. മൂന്നാം ഗോൾ റോഡ്രിയുടെ പേരിൽ കുറിക്കപ്പെട്ടു. ഫിൽ ഫോഡനിലൂടെ നാലാം ഗോളും സിറ്റി വലയിലിട്ടു. ഗോൾവേട്ടയ്ക്ക് തുടക്കമിട്ട റഹിം സ്റ്റെർലിംഗ് ഇഞ്ചുറിടൈമിൽ ഗോൾപട്ടിക പൂർത്തിയാക്കി.
തുടർച്ചയായ നാലാം ജയം നേടിയ സിറ്റിക്ക് 35 കളിയിൽ 86 പോയിന്‍റായി. രണ്ടാമതുള്ള ലിവർപൂളിന് 83 പോയിന്‍റും. വോൾവ്സ്, വെസ്റ്റ്ഹാം, ആസ്റ്റൻ വില്ല എന്നിവർക്കെതിരെ ശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാൽ സിറ്റിക്ക് കിരീടം നിലനിർത്താം. ഈ മത്സരങ്ങളിൽ സിറ്റി പോയിന്‍റ് നഷ്ടപ്പെടുത്തിയാൽ മാത്രമേ ലിവർപൂളിന് ഇനി പ്രതീക്ഷയുള്ളൂ.
ആഴ്‌സണലിന് ആശ്വാസം
അതേസമയം ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ആഴ്സണൽ സജീവമാക്കി. പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ 2-1ന് തോൽപി ആഴ്സണൽ നാലാംസ്ഥാനത്തേക്ക് ഉയർന്നു. എഡ്ഡി എൻകെതികയയുടെ ഇരട്ടഗോൾ മികവിലാണ് ആഴ്സണലിന്‍റെ തുടർച്ചയായ നാലാം ജയം. പത്ത് മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും. ക്യാപ്റ്റൻ ലൂക് അയിലിംഗ് ചുവപ്പുകാർഡ് കണ്ടതോടെ ഭൂരിഭാഗം സമയവും ലീഡ്സ് പത്തുപേരുമായാണ് കളിച്ചത്. അറുപത്തിയാറാം മിനിറ്റിൽ ഡിഗോ ലോറന്റെ ലീഡ്സിനായി ഒരുഗോൾ മടക്കി.
35 കളിയിൽ 66 പോയിന്റുമായാണ് ആഴ്സണൽ നാലാം സ്ഥാനത്ത് എത്തിയത്. ടോട്ടനം 62 പോയിന്റുമായി ആഞ്ചാം സ്ഥാനത്തുണ്ട്. 58 പോയിന്റുമായി ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ കഴിഞ്ഞ മത്സരത്തോടെ അവസാനിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!