
ഓള്‍ഡ് ട്രഫോര്‍ഡ്: ഇരട്ട ഗോളുമായി കരിയറിൽ 800 ഗോൾ പിന്നിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(EPL) ആഴ്‌സനലിനെ (Arsenal) രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United). ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്‍റെ തിരിച്ചുവരവ്. 44-ാം മിനുറ്റില്‍ ബ്രൂണോ ഫെർണാണ്ടസാണ് (Bruno Fernandes) യുണൈറ്റഡിനായി ആദ്യം ഗോൾ നേടിയത്. 52-ാം മിനിറ്റിൽ കരിയറിലെ 800-ാം ഗോൾ തികച്ച റൊണാൾഡോ 82-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു.
13-ാം മിനിറ്റിൽ എമിലി സ്മിത്ത് റോവെയിലൂടെയാണ് ആഴ്സനല്‍ ആദ്യം മുന്നിലെത്തിയത്. മാർട്ടിൻ ഒഡേഗാർഡാണ്(54) ഗണ്ണേഴ്സിന്‍റെ മറ്റൊരു സ്കോറർ. 14 കളികളില്‍ 21 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. 23 പോയിന്‍റുമായി ആഴ്‌സനല്‍ അഞ്ചാമത് നില്‍ക്കുന്നു.
യുണൈറ്റഡിന് ശുഭവാര്‍ത്ത
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മറ്റൊരു ശുഭവാര്‍ത്ത കൂടിയുണ്ട്. പുതിയ പരിശീലകന്‍ റാൽഫ് റാങ്നിക്കിന് ഇംഗ്ലണ്ടിലെ തൊഴില്‍ വിസ ലഭിച്ചു. ഇതോടെ ക്ലബിന്‍റെ പരിശീലനത്തിന് നേതൃത്വം നൽകാന്‍ റാങ്നിക്കിന് കഴിയും. റാങ്നിക്കിനെ നിയമിച്ചതായി തിങ്കളാഴ്ച യുണൈറ്റഡ് പ്രഖ്യാപിച്ചെങ്കിലും ടീമിന്‍റെ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച ക്രിസറ്റല്‍ പാലസിനെതിരായ മത്സരത്തിലാകും യുണൈറ്റഡ് പരിശീലകനായുള്ള അരങ്ങേറ്റം. ഇന്ന് യുണൈറ്റഡ് ആസ്ഥാനത്ത് റാങ്നിക്ക് വാര്‍ത്താസമ്മേളനം നടത്തും. ആറ് മാസം ക്ലബിന്‍റെ ഇടക്കാല മാനേജരായി പ്രവര്‍ത്തിക്കുന്ന റാങ്നിക്ക് പിന്നീടുളള രണ്ട് വര്‍ഷം കൺസള്‍ട്ടന്‍റായി ക്ലബിലുണ്ടാകും.
ടോട്ടനത്തിനും ജയം
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളിന് ബ്രെൻഡ്ഫോർഡിനെ തോൽപ്പിച്ചു. പന്ത്രണ്ടാം മിനിറ്റിൽ സെർജി കാനോസിന്‍റെ സെൽഫ് ഗോളിൽ ആദ്യം മുന്നിലെത്തിയ ടോട്ടനം 65-ാം മിനിറ്റിൽ സൻ ഹ്യൂങ് മിന്നിലൂടെ പട്ടിക തികച്ചു. 22 പോയിന്‍റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ടോട്ടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!