Asianet News MalayalamAsianet News Malayalam

ISL : സെല്‍ഫ് ഗോള്‍, രണ്ട് ചുവപ്പു കാര്‍ഡ്; ഒടുവില്‍ ബെംഗലൂരുവിനെ വീഴ്ത്തി ഗോവ

സീസണിലെ രണ്ടാം ജയത്തോടെ ഗോവ പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സീസണില്‍ അഞ്ച് കളികളില്‍ നാലാം തോല്‍വി വഴങ്ങിയ ബെംഗലൂരു എഫ് സി ഒമ്പതാം സ്ഥാനത്തേക്ക് വീണു.

ISL : FC Goa vs Bengaluru FC Match Report
Author
goa, First Published Dec 11, 2021, 11:26 PM IST

ബംബോലിം:  ഐഎസ്എല്ലില്‍(ISL) കളിയുടെ പകുതി സമയവും പത്തുപേരായി ചുരുങ്ങിയിട്ടും ബെംഗലൂരു എഫ് സിയെ(Bengaluru FC) വീഴ്ത്തി എഫ് സി ഗോവFC Goa). ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനക്കാരായ ഗോവയുടെ ജയം. 56-ാം മിനിറ്റില്‍ സുരേഷ് വാങ്ജാമിന്‍റെ ഫൗളിനെത്തുടര്‍ന്ന് കൈയാങ്കളിക്ക് മുതിര്‍ന്ന ജോര്‍ജെ ഓര്‍ട്ടിസ് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് തിരിച്ചു പിടിച്ചാണ്
ഗോവ ജയിച്ചു കയറിയത്.

പതിനാറാം മിനിറ്റില്‍ ആഷിഖ് കുരുണിയന്‍റെ സെല്‍ഫ് ഗോളില്‍ ബെംഗലൂരു പിന്നിലായിപ്പോയിരുന്നു. ദേവേന്ദ്ര മുര്‍ഗോങ്കറുടെ ക്രോസ് ഗുര്‍പ്രീത് സിംഗ് സന്ധു തട്ടിയകറ്റിയെങ്കിലും ആഷിഖ് ഖുരുണിയന്‍റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ആദ്യ പകുതി തീരാന്‍ സെസക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്ലൈയ്റ്റണ്‍ സില്‍വയിലൂടെ ബെംഗലൂരു സമനില പിടിച്ചു. ഫ്രീ കിക്കില്‍ നിന്നായിരുന്നു സില്‍വയുടെ ഗോള്‍.

രണ്ടാം പകുതിയില്‍ കളി കൂടുതല്‍ പരുക്കനായതോടെ കാര്‍ഡുകളുടെ കളിയായിരുന്നു. ഇതിനിടയിലാണ് ജോര്‍ജെ ഓര്‍ട്ടിസ് ചുവപ്പു കാര്‍ഡ് കണ്ടത്. എന്നാല്‍ പത്തുപേരായി ചുരുങ്ങിയെങ്കിലും തളരാതെ പൊരുതിയ ഗോവ 70-ാം മിനിറ്റില്‍ ദേവേന്ദ്ര മുര്‍ഗോങ്കറിലൂടെ ലീഡ് തിരിച്ചുപിടിച്ചു.

83ാം മിനിറ്റില്‍ ബെംഗലൂരുവിന്‍റെ സുരേഷ് സിംഗ് വാങ്ജം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തുപോയതോടെ ഇരു ടീമുകളും പത്തുപേരായി ചുരുങ്ങി. അവസാന നിമിഷം സമനില ഗോളിനായി ബെംഗലൂരു പൊരുതിയെങ്കിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഐഎസ്എല്‍ മത്സരത്തില്‍ വിജയവുമായി കയറാന്‍ ബെഗലൂരുവിനായില്ല.

സീസണിലെ രണ്ടാം ജയത്തോടെ ഗോവ പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സീസണില്‍ അഞ്ച് കളികളില്‍ നാലാം തോല്‍വി വഴങ്ങിയ ബെംഗലൂരു എഫ് സി ഒമ്പതാം സ്ഥാനത്തേക്ക് വീണു.

Follow Us:
Download App:
  • android
  • ios