
ലിസ്ബൺ: യൂറോപ്പിലെ ഗ്ലാമർ കിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി പോർച്ചുഗൽ ഇന്നിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം എന്നത്തേയുംപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. പ്രതിഭാ ശക്തിയുള്ള ടീമിന്‍റെ നായകൻ
കളത്തിലിറങ്ങുമ്പോൾ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകളും കൂടിയാണ്.
മരണ ഗ്രൂപ്പിൽ പോർച്ചുഗലിന്‍റെ ജീവവായുവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കപ്പലടുക്കും കരയെല്ലാം കീഴടക്കിയ പോർച്ചുഗീസ് നാവികരുടെ പോരാട്ട വീര്യമാണ് റോണോ സഹതാരങ്ങൾക്ക് പകർന്നു നൽകുന്നത്. പറങ്കികൾ പടയായ് വന്ന് നാട് കീഴടക്കിയ കഥ മാത്രമല്ല ഊർജ്ജം. ഒറ്റയ്ക്ക് പോയി മണ്ണും വിണ്ണും മനസ്സും കീഴടക്കിയ ക്രിസ്റ്റ്യാനോയുടെ ശൗര്യമാണ് അവരുടെ തലപ്പൊക്കം.
യൂറോപ്പിലെ മൂന്ന് പ്രധാന ലീഗുകളിലും ടോപ് സ്കോറർ ആയത്. റൊണാൾഡോയുടെ മികവിലാണ് കഴിഞ്ഞ തവണ പോർച്ചുഗൽ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്. ഫൈനലിൽ പരുക്ക് പറ്റി കളം വിട്ടപ്പോൾ കണ്ണീർ വാർത്തു ഫുട്ബോൾ ലോകം. പക്ഷെ, സൈഡ് ബെഞ്ചിലെ ക്രിസ്റ്റ്യാനോയുടെ വിജയദാഹം ആരാധകർക്കും പകർന്ന ആവശേത്തിന് ഇന്നും ചോർച്ചയില്ല.
ഹംഗറിക്കെതിരെ ഇറങ്ങുമ്പോൾ നേട്ടപ്പട്ടിക വീണ്ടും വലുതാകും. യൂറോയുടെ അഞ്ച് പതിപ്പിൽ പന്തുതട്ടിയ ഏക ഫുട്ബോളറാകും. യൂറോകപ്പിൽ 2004ൽ ഗ്രീസിനെതിരെയാണ് റൊണാൾഡോയുടെ ആദ്യ ഗോൾ. 36 കാരൻ ഇതുവരെ കളിച്ചത് 56 യൂറോ മത്സരങ്ങൾ. മുന്നിലുള്ളത് 58 മത്സരം കളിച്ച ഇറ്റലിയുടെ ജിയാൻ ജൂലി ബഫൺ. ഇപ്പോൾ യൂറോയിൽ ഒമ്പത് ഗോളുമായി ഫ്രാൻസിന്‍റെ മിഷേൽ പ്ലാറ്റിനിക്ക് ഒപ്പം. ഇനിയുള്ള ഓരോ ഗോളും ചരിത്രമാണ്. യൂറോയിലും ലോക ഫുട്ബോളിലും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!