യൂറോ കപ്പ്: സ്പെയിനിന് കനത്ത തിരിച്ചടി; നായകൻ ബുസ്ക്വറ്റ്സിന് കൊവിഡ്

By Web TeamFirst Published Jun 7, 2021, 3:04 PM IST
Highlights

വെള്ളിയാഴ്ച മാഡ്രിഡിൽ നടന്ന പോർച്ചു​ഗലെനിതാരയ സൗഹൃദ മത്സരത്തിൽ ബുസ്ക്വറ്റ്സ് കളിച്ചിരുന്നു. ഇത് പോർച്ചു​ഗൽ ടീമിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചു​ഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബുസ്ക്വറ്റ്സ് ആലിം​ഗനം ചെയ്തിരുന്നു.

മാഡ്രിഡ്: യൂറോ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മുൻ ചാമ്പ്യൻമാരായ സ്പെയിനിന് കനത്ത തിരിച്ചടി. സ്പെയിനിന്റെ നായകനും മിഡ്ഫീൽഡിലെ നിർണായക സാന്നിധ്യവുമായ സെർജിയോ ബുസ്ക്വറ്റ്സിന് കൊവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. സ്പെയിനിന്റെ ആദ്യ മത്സരത്തിന് എട്ട് ദിവസം മാത്രം ബാക്കിയിരിക്കെയാണ് നായകന് കൊവിഡ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബുസ്ക്വറ്റ്സ് ടീം ക്യാംപ് വിട്ടെങ്കിലും അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരെല്ലാം ക്വാറന്റീനിൽ പോവേണ്ടിവന്നതോടെ ലിത്വനിയക്കെതിരായ സന്നാഹ മത്സരം കളിക്കാൻ അണ്ടർ 21 ടീമിനെ കളത്തിലിറക്കേണ്ട അവസ്ഥയിലാണ് സ്പെയിനിപ്പോൾ. നാളെയാണ് ലിത്വാനിയക്കെതിരായ സ്പെയിനിന്റെ മത്സരം.

ബുസ്ക്വറ്റ്സ് 10 ദിവസം ഐസൊലേഷനിൽ കഴിയേണ്ടതിനാൽ താരത്തിന്റെ യൂറോയിലെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. 14ന് സ്വീഡനെതിരെ ആണ് യൂറോ കപ്പിൽ സ്പെയിനിന്റെ ആദ്യ മത്സരം. പൊളണ്ടിനും സ്ലൊവാക്യക്കുമെതിരായണ് സ്പെയിനിന്റെ മറ്റ് ​ഗ്രൂപ്പ് മത്സരങ്ങൾ.

വെള്ളിയാഴ്ച മാഡ്രിഡിൽ നടന്ന പോർച്ചു​ഗലെനിതാരയ സൗഹൃദ മത്സരത്തിൽ ബുസ്ക്വറ്റ്സ് കളിച്ചിരുന്നു. ഇത് പോർച്ചു​ഗൽ ടീമിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചു​ഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബുസ്ക്വറ്റ്സ് ആലിം​ഗനം ചെയ്തിരുന്നു.

കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും അടക്കം യൂറോ കപ്പിനുള്ള 50 അം​ഗ സംഘത്തെ തുടർപരിശോധനകൾക്ക് വിധേയമാക്കുമെന്നും ഇതിനുശേഷമെ ബുസ്ക്വറ്റ്സിന്റെ യൂറോ പങ്കാളിത്ത കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കൂവെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

click me!