യൂറോ കപ്പ്: ജർമനി ​ഗ്രൂപ്പ് ഘട്ടം കടക്കില്ല, കിരീട സാധ്യത പ്രവചിച്ച് മൗറീഞ്ഞോ

By Web TeamFirst Published Jun 7, 2021, 2:17 PM IST
Highlights

പ്രീമിയർ ലീഗിൽ തിളങ്ങിയ മികച്ച താരനിരയാണ് ഇംഗ്ലണ്ടിന്റേത്. ഹാരി കെയ്നിന്റെ സ്കോറിംഗ് മികവാണ് നിർണായകമാവുക. കൂടുതൽ മത്സരങ്ങൾ സ്വന്തം നാട്ടിൽ കളിക്കുന്നത് ഇം​ഗ്ലണ്ടിന് സമ്മർദ്ദം കൂടാൻ കാരണമായേക്കുമെന്നും മൗറീഞ്ഞോ

മിലാൻ: ഇംഗ്ലണ്ട് യൂറോ കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് റോമ പരിശീലകൻ ഹൊസെ മൗറീഞ്ഞോ. എന്നാൽ ഫ്രാൻസ് കിരീടം നേടാനാണ് സാധ്യതയെന്നും ജർമനി ​ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു. ഒന്നാംകിട ലീഗും സൂപ്പർ താരങ്ങളും ഉണ്ടെങ്കിലും 1966ന് ശേഷം  ഇം​ഗ്ലണ്ടിന് ഇതുവരെ ഒരുപ്രധാന കിരീടം നേടാനായിട്ടില്ല. ഇത്തവണയും കിരീടം നേടാനുള്ള ശക്തമായ നിരയാണ് ഇംഗ്ലണ്ടിനുള്ളതെന്ന് ഹൊസെ മൗറീഞ്ഞോ പറയുന്നു.

പ്രീമിയർ ലീഗിൽ തിളങ്ങിയ മികച്ച താരനിരയാണ് ഇംഗ്ലണ്ടിന്റേത്. ഹാരി കെയ്നിന്റെ സ്കോറിംഗ് മികവാണ് നിർണായകമാവുക. കൂടുതൽ മത്സരങ്ങൾ സ്വന്തം നാട്ടിൽ കളിക്കുന്നത് ഇം​ഗ്ലണ്ടിന് സമ്മർദ്ദം കൂടാൻ കാരണമായേക്കുമെന്നും മൗറീഞ്ഞോ വിലയിരുത്തുന്നു. ഇതേസമയം ലോക ചാമ്പ്യൻമാരായ ഫ്രാൻസ് യൂറോപ്യൻ കിരീടം നേടാനാണ് സാധ്യതയെന്നും മൗറീഞ്ഞോ വ്യക്തമാക്കുന്നു.

ഒരേ മികവുള്ള രണ്ടോ മൂന്നോ ടീമിനെ അണിനിരത്താൻ ഫ്രാൻസിന് കഴിയും. ഇത്രയേറെ താരസമ്പന്നമായൊരു രാജ്യം ഇപ്പോൾ വേറെയുണ്ടെന്ന് തോന്നുന്നില്ല. ഒരു മേഖലയിലും പോരായ്മ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. കിലിയൻ എംബാപ്പേയെപ്പോലൊരു താരമുള്ള ടീം യൂറോ കപ്പ് നേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും മൗറീഞ്ഞോ പറഞ്ഞു.

പോർട്ടോ, ചെൽസി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകളുടെ പരിശീലകനായിരുന്ന മൗറീഞ്ഞോ ഇപ്പോൾ ഇറ്റാലിയൻ ക്ലബ് റോമയുടെ കോച്ചാണ്.

click me!