യൂറോ കപ്പ്: സ്പെയിൻ ആദ്യ പോരിനിറങ്ങുന്നു, എതിരാളികൾ സ്വീഡൻ

By Web TeamFirst Published Jun 14, 2021, 12:23 PM IST
Highlights

മുന്നേറ്റനിരയിൽ യുവതാരം ഫെറാൻ ടോറസിന്റെ ഫോമിലാണ് സ്പെയിനിന്റെ പ്രതീക്ഷ. സ്പെയിനിനായി ബൂട്ടുകെട്ടിയ 12 മത്സരങ്ങളിൽ ആറു തവണ ടോറസ് സ്കോർ ചെയ്തു.

മാഡ്രിഡ്: യൂറോ കപ്പിൽ ഇന്നും മൂന്ന് മത്സരങ്ങളുണ്ട്. സ്കോട്‍ലൻഡ് വൈകിട്ട് ആറരയ്ക്ക് ചെക് റിപ്പബ്ലിക്കിനെയും പോളണ്ട് രാത്രി ഒൻപതരയ്ക്ക് സ്ലോവാക്യയെയും സ്പെയ്ൻ രാത്രി പന്ത്രണ്ടരയ്ക്ക് സ്വീഡനെയും നേരിടും. ക്യാപ്റ്റൻ സെർജി ബുസ്ക്വറ്റ്സും സെർജിയോ റാമോസുമില്ലാതെയാണ് സ്പെയിൻ സ്വീഡന്റെ വെല്ലുവിളി നേരിടാനിറങ്ങുന്നത്.

യൂറോക്ക് തൊട്ടുമുമ്പ് കൊവിഡ് ബാധിതായ ബുസ്ക്വറ്റ്സ് ഇപ്പോഴും ഐസൊലേഷനിലാണ്. പരിക്കാണ് റാമോസിന് യൂറോക്കുള്ള സ്പെയിൻ ടിമിലേക്കുള്ള വഴിയടച്ചത്. മുന്നേറ്റനിരയിൽ യുവതാരം ഫെറാൻ ടോറസിന്റെ ഫോമിലാണ് സ്പെയിനിന്റെ പ്രതീക്ഷ. സ്പെയിനിനായി ബൂട്ടുകെട്ടിയ 12 മത്സരങ്ങളിൽ ആറു തവണ ടോറസ് സ്കോർ ചെയ്തു.

സ്വീഡനെതിരെ കളിച്ച അവസാന 11 മത്സരങ്ങളിലും സ്കോർ ചെയ്യാനായിട്ടില്ലെന്ന ആശങ്ക ടോറസിന്റെ ഫോമിലൂടെ മറികടക്കാനാവുമെന്നാണ് സ്പെയിനിന്റെ പ്രതീക്ഷ. പ്രധാന ടൂർണമെന്റുകളിലെ ആദ്യ മത്സരങ്ങളിൽ കഴിഞ്ഞ അഞ്ചു തവണയിൽ ഒരു തവണ മാത്രമാണ് സ്പെയിൻ ജയിച്ചത്. 2016ൽ ചെക്ക് റിപ്ലബ്ലിക്കിനെതിരെയായിരുന്നു സ്പെയിനിന്റെ ജയം.

അതേസമയം, സ്വീഡിഷ് ടീമും കൊവിഡ് ആശങ്കയിലാണ്.കൊവിഡ് ബാധിതരായ യുവതാരം ഡീജാൻ കുലുസെവ്കിയും, മത്തിയാസ് സ്വാൻബർ​ഗിനും ഇന്ന് കളിക്കാനാവില്ല. ആക്രമണനിരയിൽ മാർക്കസ്ബെർ​ഗിനൊപ്പം യുവതാരം അലക്സാണ്ടർ ഐസക്കാവും ഇന്ന് സ്വീഡിഷ് നിരയിൽ ഇറങ്ങുക. യൂറോയിൽ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആറിലും തോറ്റ ചരിത്രമാണ് സ്വീഡനുള്ളത്. 2012ൽ ഫ്രാൻസിനെതിരെ ആയിരുന്നു യൂറോയിൽ സ്വീഡന്റെ അവസാന ജയം.

click me!