
ഓൾഡ് ട്രഫോർഡ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. സൈപ്രസ് ക്ലബ്ബ് ഒമോനിയയാണ് എതിരാളികൾ. ആഴ്‌സനൽ, എ എസ് റോമ ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.
യൂറോപ്പ ലീഗിൽ ഹാട്രിക് ജയം തേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. പഴയ പ്രതാപത്തിന്‍റെ നിഴലിലെങ്കിലും ഓൾഡ് ട്രഫോർഡിൽ ദുർബലരായ ഒമോനിയയോട് ജയം തന്നെയാണ് ചുവന്നചെകുത്താന്മാരുടെ ലക്ഷ്യം. നിലവിൽ ഗ്രൂപ്പിൽ രണ്ടാമതുള്ള യുണൈറ്റഡിന് നോക്കൗട്ട് സാധ്യത നിലനിർത്താൻ ജയം അനിവാര്യം. കഴിഞ്ഞയാഴ്ച രണ്ട് ഗോൾ വഴങ്ങിയാണ് ഒമോനിയയെ യുണൈറ്റഡ് തോൽപ്പിച്ചത്. പരിക്കാണ് യുണൈറ്റഡ് കോച്ച് എറിക് ടെൻഹാഗിനെ വലയ്ക്കുന്നത്. ആന്‍റണി മാർഷ്യൽ, വാൻബിസാക, മഗ്വെയർ, വാൻഡി ബീക്, ഫിൽ ജോൺസ് എന്നിവരെല്ലാം പരിക്കിന്‍റെ പിടിയിലാണ്.
700 ഗോൾ തികച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം ആരാധകർ ഉറ്റുനോക്കുന്നു. റയല്‍ മാഡ്രിഡിനായി 450 ഉം യുണൈറ്റഡിനായി 144 ഉം യുവന്റസിനായി 101 ഉം സ്‌പോര്‍ട്ടിംഗിനായി 5 ഉം ഗോളുകളാണ് സിആര്‍7ന്‍റെ സമ്പാദ്യം. യുണൈറ്റഡ് അരങ്ങേറ്റത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ ബ്രസീലിയൻ താരം ആന്‍റണിയിലും ടീമിന് ഏറെ പ്രതീക്ഷ. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.
പ്രീമിയർ ലീഗിലും യൂറോപ്പാ ലീഗിലും ജൈത്രയാത്ര തുടരുന്ന ആഴ്സനലിന് ബോഡോ ഗ്ലിമ്റ്റാണ് ഇന്ന് എതിരാളികൾ. ഗോൾവേട്ട തുടരുന്ന ഗബ്രിയേൽ ജെസ്യൂസ്, മാർട്ടിനല്ലി, ബുക്കായോ സാക്ക ത്രയത്തിന്‍റെ കാലുകളിലാണ് ആഴ്‌സനലിന്‍റെ പ്രതീക്ഷ. കഴിഞ്ഞയാഴ്‌ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സനൽ ബോഡോയെ തോൽപ്പിച്ചത്. ഇറ്റാലിയൻ വമ്പന്മാരായ എഎസ് റോമ, ഇന്ന് ഗ്രൂപ്പിൽ മുന്നിലുള്ള റയൽ ബെറ്റിസിനെ നേരിടും. ഷെരീഫ് റയൽ സോസിദാദിനെയും പിഎസ്‍വി ഐന്തോവൻ, എഫ്സി സൂറിച്ചിനെയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!