24-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിനായി ആദ്യ ഗോൾ നേടി. 55-ാം മിനിറ്റിൽ വീണ്ടും ഫിർമിനോയുടെ ഗോൾ പിറന്നു.

ഗ്ലാസ്ഗോ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്‍റെ ഗോൾ വർഷം. സലായുടെ ഹാട്രിക് മികവിൽ 7-1ന് റേഞ്ചേഴ്‌സിനെ തകർത്തു. ലിവർപൂളിനെ ഞെട്ടിച്ച് 17-ാം മിനുറ്റില്‍ സ്‌കോട്ട് അര്‍ഫീല്‍ഡിലൂടെ റേഞ്ചേഴ്സാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ഗോള്‍ കൊട്ടയുടെ കെട്ടഴിച്ചുവിട്ട് ലിവർപൂൾ താരങ്ങൾ ഇളകിമറിയുകയായിരുന്നു. 

24-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിനായി ആദ്യ ഗോൾ നേടി. 55-ാം മിനിറ്റിൽ വീണ്ടും ഫിർമിനോയുടെ ഗോൾ പിറന്നു. 66-ാം മിനിറ്റിൽ ഡാര്‍വിന്‍ നുനെസിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. പിന്നീടങ്ങോട്ട് മുഹമ്മദ് സലായുടെ കളിയാരവമായിരുന്നു. വെറും ആറ് മിനുറ്റ് 12 സെക്കന്‍ഡിനിടെ ഹാട്രിക് തികച്ച് സലാ വേഗമേറിയ ചാമ്പ്യന്‍സ്‌ ലീഗ് ഹാട്രിക്കിന്‍റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 75, 80, 81 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ. 87-ാം മിനുറ്റില്‍ ഹാര്‍വി എലിയറ്റ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

തടി രക്ഷപ്പെടുത്തി ബാഴ്‌സ

അതേസമയം ബാഴ്‌സലോണ-ഇന്‍റര്‍ മിലാന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ഇഞ്ചുറിടൈമില്‍(90+2) റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നേടിയ ഗോളില്‍ രക്ഷപ്പെടുകയായിരുന്നു ബാഴ്‌സ. 40-ാം മിനുറ്റില്‍ ഒസ്‌മാന്‍ ഡെംബലെയുടെ ഗോളില്‍ മുന്നിലെത്തിയ ബാഴ്‌സയെ 50-ാം മിനുറ്റില്‍ നിക്കോളോ ബരെല്ലെയിലൂടെ ഇന്‍റര്‍ സമനില പിടിച്ചിരുന്നു. 63-ാം മിനുറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസ് ഇന്‍ററിനെ മുന്നിലെത്തിക്കുകയും ചെയ്തു. 

അവസാന മിനുറ്റുകളില്‍ ഇരു ടീമുകളും ഗോളിനായി മല്ലിട്ടപ്പോള്‍ 82-ാം മിനുറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ ഒപ്പമെത്തിച്ചു. എന്നാല്‍ 89-ാം മിനുറ്റില്‍ റോബിന്‍ ഗോസന്‍സ് നേടിയ ഗോള്‍ വീണ്ടും ഇന്‍ററിനെ ലീഡിലെത്തിച്ചപ്പോള്‍ ലെവന്‍റെ ഇഞ്ചുറിടൈം ഗോള്‍ ബാഴ്‌സയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലെ പുറത്തുപോവുന്നതില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടുകയായിരുന്നു ബാഴ്‌സ. സീസണില്‍ ഒന്നുവീതം ജയവും സമനിലയുമാണ് ബാഴ്‌സയ്ക്കുള്ളത്. 

ബയേണിനും ജയം

മറ്റൊരു മത്സരത്തില്‍ വിക്ടോറിയ പ്ലാസനെതിരെ ബയേൺ മ്യൂണിക്ക് ജയം സ്വന്തമാക്കി. 4-2നായിരുന്നു ജയം. 10, 14, 25, 35 മിനിറ്റുകളിലായിരുന്നു ബയേണിന്‍റെ ഗോളുകൾ, 62, 75 മിനിറ്റുകളിൽ രണ്ട് ഗോൾ അടിക്കാനേ വിക്ടോറിയ പ്ലാസന് കഴിഞ്ഞുള്ളൂ. ടോട്ടനം ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 3-2ന് തോൽപ്പിച്ചതും ശ്രദ്ധേയം. 14-ാം മിനിറ്റിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടാണ് ആദ്യ ഗോൾ നേടിയത്. 20, 28, 36 മിനിറ്റുകളിൽ ടോട്ടനം ഗോൾ മടക്കി. 87-ാം മിനിറ്റിൽ രണ്ടാം ഗോൾ മടക്കിയ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, സമനിലക്കായി ആഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. 

ഈസ്റ്റ് ബംഗാളിന് മുറിവേല്‍പിച്ച് എഡു ബേഡിയയുടെ ഇഞ്ചുറിടൈം ഗോള്‍; ഗോവയ്ക്ക് വിജയത്തുടക്കം