
ന്യൂയോര്‍ക്ക്: ബ്രസീലും മൊറോക്കോയും തമ്മിലുള്ള ലോകകപ്പ് ആവേശപ്പോരാട്ടത്തിന് ശേഷം ഫുട്ബോൾ ലോകം ഒന്നടങ്കം തിരയുന്ന ഒരു പേരുണ്ട്– അയൂബ് ബുവാദി. ഗ്രൗണ്ടില്‍ കാനറിപ്പടയെ നെട്ടോട്ടമോടിച്ച ഈ പതിനെട്ടുകാരൻ ഈ ലോകകപ്പിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊരാളാണെന്ന് ഫുട്ബോൾ വിദഗ്ധർ പോലും ഒരേസ്വരത്തിൽ വിശേഷിപ്പിക്കുന്നു.
വർഷം 2018, ലോകകപ്പ് മത്സരത്തിന്‍റെ ഗാലറിയി വൻ ആരവങ്ങൾക്കിടയിലേക്ക് അച്ഛന്‍റെ കൈയും പിടിച്ച് ഒരു പത്തുവയസ്സുകാരൻ നടന്നെത്തി. ചുറ്റുമുള്ള ബഹളങ്ങളിലൊന്നും താൽപര്യമില്ലാതെ ആ കുഞ്ഞു കണ്ണുകൾ മൈതാനത്തെ പന്തിൽ മാത്രമാണ് ഉടക്കിനിന്നത്. ഒരുനാൾ ഞാനീ പന്ത് തട്ടും, ലോകം അത് നോക്കിനിൽക്കും"– അന്ന് ആ കുഞ്ഞു മനസ്സ് ഉറപ്പിച്ചതായിരുന്നു അത്. കൃത്യം എട്ട് വർഷങ്ങൾക്കിപ്പുറം, തന്‍റെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൊറോക്കോയുടെ ജേഴ്‌സിയണിഞ്ഞ് അവൻ കളംനിറഞ്ഞപ്പോൾ ഫുട്ബോൾ ലോകം അത്ഭുതത്തോടെ നോക്കിനിന്നു. അന്ന് ഗാലറിയിലിരുന്ന ആ പത്തുവയസ്സുകാരനാണ് ഇന്ന് മൈതാന മധ്യത്ത് ബ്രസീലിനെ വിറപ്പിച്ച അയൂബ് ബുവാദി!
ശക്തരായ ബ്രസീൽ മധ്യനിരയെ പൂർണ്ണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മത്സരത്തിൽ അയൂബ് പുറത്തെടുത്തത്. കേവലം 18 വയസ്സ് മാത്രമുള്ള ഈ മധ്യനിര താരം കളത്തിൽ കാണിച്ച ശാന്തതയും പക്വതയും അവിശ്വസനീയമായിരുന്നു. 91 ശതമാനം പാസിങ് കൃത്യത, അക്രമണ നിരയിലേക്ക് ഒട്ടും പിഴയ്ക്കാത്ത ഫൈനൽ തേഡ് പാസുകൾ, ബ്രസീലിന്‍റെ നീക്കങ്ങളെ പന്ത് പിടിച്ചെടുത്തും തടയിട്ടും കാനറിപ്പടയ്ക്ക് കത്രികപ്പൂട്ടിട്ട പ്രതിരോധ മികവ്.
ബ്രസീലിന്‍റെ പരിചയസമ്പന്നരായ കാസെമിറോ, ബ്രൂണോ ഗിമ്മെറാസ് തുടങ്ങിയ വമ്പൻമാരെപ്പോലും ഒരടി മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ അയൂബ് പൂട്ടിക്കെട്ടി. കളിയിലെ മികച്ച താരം എന്ന ബഹുമതിക്ക് വിനീഷ്യസ് ജൂനിയറിനേക്കാൾ കൂടുതൽ അർഹൻ അയൂബ് ബുവാദി ആണെന്ന് വരെ ഫുട്ബോൾ ആരാധകര്‍ വിലയിരുത്തിക്കഴിഞ്ഞു. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയുടെ (Lille) താരമാണ് നിലവിൽ അയൂബ് ബുവാദി. ഈ കൗമാരക്കാരന്‍റെ പ്രതിഭ തിരിച്ചറിഞ്ഞ് ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സണൽ 60 മില്യൺ യൂറോയുടെ വമ്പൻ ഓഫർ മുന്നോട്ട് വെച്ചിരുന്നെങ്കിലും ലില്ലെ അത് നിരസിക്കുകയായിരുന്നു. അവനെ വിട്ടുകൊടുക്കാൻ ക്ലബ്ബ് തയ്യാറായില്ല.
വിദഗ്ധരുടെ വിലയിരുത്തൽ ശരിയാണെങ്കിൽ, ഈ ലോകകപ്പ് അവസാനിക്കുന്നതോടെ അയൂബ് ബുവാദിയുടെ ട്രാൻസ്ഫർ മൂല്യം 100 മില്യണും കടന്ന് കുതിച്ചുയരും. ഫുട്ബോൾ ലോകം പ്രവചിക്കുന്നത് പോലെ ഈ മൊറോക്കൻ ചെക്കൻ ചരിത്രമെഴുതുമോ എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!