
90കളിലും 2000-ന്റെ തുടക്കത്തിലും ലോക ഫുട്ബോളിന്റെ തലസ്ഥാനം എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, ഇറ്റലി! ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളും, ഏറ്റവും കൂടുതല്‍ പണമൊഴക്കുന്ന ലീഗും ഇറ്റലിയുടേതായിരുന്നു. നാല് തവണ ലോക കിരീടം നേടിയ ചരിത്രമുള്ള ഇറ്റാലിയന്‍ ടീം വിള്ളലില്ലാത്ത പ്രതിരോധ കോട്ടയായിരുന്നു. ഇന്ന് കഥ മാറി. തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകള്‍ക്ക് യോഗ്യത പോലും നേടാനാവാതെ നാണംകെട്ട ഒരു അവസ്ഥയിലാണ് ഇന്ന് ഇറ്റാലിയന്‍. ഫുട്ബോളിലെ ധാരാളികളായിരുന്ന ഇറ്റലിക്ക് എന്താണ് സംഭവിച്ചത്?
കാരണങ്ങള്‍ നിരവധിയാണ്. ഒരു കാലത്ത് കോടികള്‍ ഒഴുക്കിയിരുന്ന ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്ക് ഇന്ന് പണക്കൊഴുപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം അവരുടെ സ്റ്റേഡിയങ്ങളാണ്. ഇറ്റലിയിലെ ഭൂരിഭാഗം സ്റ്റേഡിയങ്ങളും ക്ലബ്ബുകളുടെ സ്വന്തമല്ല, മറിച്ച് അവിടുത്തെ മുന്‍സിപ്പാലിറ്റികളുടെ കീഴിലാണ്. അതുകൊണ്ട് തന്നെ ടിക്കറ്റ് വരുമാനത്തിന്റെ വലിയൊരു പങ്ക് ക്ലബ്ബുകള്‍ക്ക് ലഭിക്കാറില്ല. കൂടാതെ, ലീഗിന്റെ ടിവി സംപ്രേക്ഷണ അവകാശത്തിലൂടെ ലഭിക്കുന്ന തുകയും മറ്റു ഫുട്ബോള്‍ ലീഗുകളെ അപേക്ഷിച്ച് കുറവാണ്. പണമില്ലാത്തതുകൊണ്ട് തന്നെ ലോകോത്തര താരങ്ങളെ സ്വന്തമാക്കാനോ നിലനിര്‍ത്താനോ ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്ക് സാധിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം.
ഇറ്റാലിയന്‍ ഫുട്ബോളിന്റെ നട്ടെല്ലൊടിച്ച സംഭവമായിരുന്നു 2006-ലെ 'കാല്‍സിയോപോളി' ഒത്തുകളി വിവാദം. റെഫറിമാരെ സ്വാധീനിച്ച് മത്സരങ്ങള്‍ അനുകൂലമാക്കാന്‍ ശ്രമിച്ചതിന് യുവന്റസ്, എസി മിലാന്‍ തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ അന്ന് പിടിക്കപ്പെട്ടു. യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തുകയും അവരുടെ കിരീടങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തു. ഈ ഒരൊറ്റ സംഭവം ലീഗിന്റെ വിശ്വാസ്യത ലോകത്തിന് മുന്നില്‍ തകര്‍ത്തു കളഞ്ഞു. വലിയ ബ്രാന്‍ഡുകളും സ്പോണ്‍സര്‍മാരും ലീഗില്‍ നിന്ന് പിന്മാറി. അടുത്തിടെയും സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ വലിയ ക്ലബ്ബുകള്‍ക്ക് പോയിന്റ് വെട്ടിക്കുറയ്ക്കുന്ന ശിക്ഷകള്‍ ലഭിച്ചിരുന്നു. ഈ നിരന്തരമായ വിവാദങ്ങള്‍ ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഇമേജ് പാടേ തകര്‍ത്തു.
മറ്റൊരു പ്രധാന കാരണം, യൂത്ത് അക്കാദമികളില്‍ നിന്നുള്ള പുതിയ പ്രതിഭകളുടെ കുറവാണ്. മാല്‍ഡീനി, കന്നവാരോ, പിര്‍ലോ, ടോട്ടി തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത ലോകോത്തര താരങ്ങളെ ഉത്പാദിപ്പിച്ചിരുന്ന ഇറ്റലിയില്‍ ഇന്ന് അങ്ങനെയൊരു സൂപ്പര്‍ താരം പോലുമില്ല. ആധുനിക ഫുട്ബോള്‍ അതിവേഗവും അക്രമണാത്മകവുമായി മാറിയപ്പോള്‍, ഇറ്റലി ഇപ്പോഴും അവരുടെ പഴയ പ്രതിരോധ ശൈലിയില്‍ തന്നെ തൂങ്ങിക്കിടക്കുകയാണ്. വിദേശ കളിക്കാരെ അമിതമായി ആശ്രയിക്കുന്നതും തദ്ദേശീയരായ യുവതാരങ്ങള്‍ക്ക് ക്ലബ്ബുകളില്‍ അവസരം നല്‍കാത്തതും ദേശീയ ടീമിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
ഇറ്റലിയുടെ പരമ്പരാഗത പ്രതിരോധ ശൈലിയായ 'കറ്റനാച്ചിയോ' ആധുനിക കാലത്ത് ഫലപ്രദമാകാത്തതും തിരിച്ചടിയായി. ഇന്ന് കറ്റനാച്ചിയോ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഇന്ന് കളിക്കളത്തിലില്ല. പക്ഷേ, അത് അവശേഷിപ്പിച്ചുപോയ തന്ത്രങ്ങള്‍ ഇന്നും ഫുട്ബോള്‍ ലോകത്തെ സ്വാധീനിക്കുന്നുണ്ട്. എതിരാളികളെ പൂട്ടിയിടുക എന്നതായിരുന്നു ഈ ശൈലി. 1960കളില്‍ ഹെലേനിയോ ഹെരേര എന്ന പരിശീലകന്റെ കീഴില്‍ ഇന്റര്‍ മിലാന്‍ ടീമിലൂടെയാണ് കറ്റനാച്ചിയോ അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്.
എന്നാല്‍ 1970-കളുടെ അവസാനത്തോടെ കറ്റനാച്ചിയോയുടെ പ്രഭ മങ്ങിത്തുടങ്ങി. ലോക ഫുട്ബോള്‍ പുതിയ ദിശകളിലേക്ക് മാറുന്ന സമയമായിരുന്നത്. 1980-കളുടെ ഒടുവില്‍ അരിഗോ സാച്ചി മിലാന്റെ കോച്ചായി വന്നതോടെ വലിയൊരു മാറ്റമുണ്ടായി. കറ്റനാച്ചിയോയുടെ 'കാത്തിരുന്ന് പ്രതിരോധിക്കുന്ന' ശൈലിക്ക് പകരം 'ആക്രമിച്ച് നിയന്ത്രിക്കുന്ന' പുതിയ ശൈലി അദ്ദേഹം കൊണ്ടുവന്നു. 2000മാണ്ടോടെ വേഗതയും ഫ്ലെക്സിബിലിറ്റിയുമുള്ള പുതിയ ഫോര്‍മേഷനുകള്‍ സാച്ചിയുടെ തന്ത്രങ്ങളേയും ഫലപ്രദമല്ലാതാക്കി.
പഴയ കറ്റനാച്ചിയോ ഇന്ന് കളിക്കളത്തില്‍ ഇല്ലെങ്കിലും, ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഡിഎന്‍എയില്‍ അതിന്റെ അംശങ്ങള്‍ ഇന്നുമുണ്ട്. ഇറ്റലി 2006-ല്‍ ലോകകപ്പ് നേടിയപ്പോഴും ശക്തമായ പ്രതിരോധം ഉണ്ടായിരുന്നു. എന്നാല്‍ അത് പഴയ കറ്റനാച്ചിയോ ആയിരുന്നില്ല. മറിച്ച് സാങ്കേതിക തികവും പ്രസ്സിംഗും ഒത്തുചേര്‍ന്ന ഒരു ആധുനിക ശൈലിയായിരുന്നു.
അതിന് മികവുറ്റ പ്രതിരോധ താരങ്ങള്‍ വേണം. ഇന്ന് ഇറ്റലിക്ക് ഇല്ലാതെ പോകുന്നതും ഇതാണ്. കൂടാതെ ഭരണപരമായ പിഴവുകളുമാണ് ഇറ്റലിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അസൂറികള്‍ ഫുട്ബോളിന്റെ നഷ്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒരുനാള്‍ അവര്‍ തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!