എഐഎഫ്എഫ് കേസ്: താല്‍ക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി

Published : Aug 22, 2022, 01:30 PM ISTUpdated : Aug 22, 2022, 02:54 PM IST
എഐഎഫ്എഫ് കേസ്: താല്‍ക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി

Synopsis

അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ എക്സിക്യുട്ടീവ് കൗൺസിലേക്ക് ഉള്ള തെരെഞ്ഞെടുപ്പ് സുപ്രീം കോടതി നീട്ടിവച്ചു

ദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കേസിൽ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്‍റെ ഭരണത്തിന് രൂപീകരിച്ച സമിതിയുടെ പ്രവർത്തനം സുപ്രീം കോടതി അവസാനിപ്പിച്ചു. ഭരണത്തിന്‍റെ ചുമതല ഫെഡറേഷന്‍റെ ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ എക്സിക്യുട്ടീവ് കൗൺസിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടിവച്ചു. പുതിയ കരട് ഭരണഘടന പരിശോധിക്കാൻ അമിക്കസ് ക്യൂറിയെയും നിയോഗിച്ചു. 

ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയത്വം അനിശ്ചിതത്വത്തിലായിരുന്നു. അണ്ടർ 17 വനിത ലോകകപ്പ് വേദി കൈവിടാതിരിക്കാനുള്ള നടപടിയെടുക്കാൻ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടത്.

ഫിഫയുടെ വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും എന്നതും വലിയ അനിശ്ചിതത്വമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് ഇന്ന് പുറത്തുവന്നത്. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് ദൈനംദിന കാര്യങ്ങളുടെ ചുമതല അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലിന് സുപ്രീംകോടതി തിരിച്ചുനൽകിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ 36 അസോസിയേഷനുകൾക്കും വോട്ടവകാശമുണ്ടാകും. 23 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുക്കുമ്പോൾ  ആറ് ഫുട്ബോൾ താരങ്ങൾക്കും അവസരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതിൽ രണ്ട് പേർ വനിതാതാരങ്ങളായിരിക്കണം. മുൻതെരഞ്ഞെടുപ്പ് കമ്മീഷണർ ഉമേഷ് സിൻഹ, തപസ് ഭട്ടാചാര്യ എന്നിവരെ തെരഞ്ഞെടുപ്പിന്‍റെ റിട്ടേണിംഗ് ഓഫീസർമാരായും തീരുമാനിച്ചു. ഫിഫയുടെ വിലക്ക് മറികടക്കാനും അണ്ടർ 17 ലോകകപ്പ് നഷ്ടപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഭരണം പൂർണമായും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കൈമാറിയാൽ വിലക്ക് പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു.

ഭരണകെടുകാര്യസ്ഥതയുടെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ കഴിഞ്ഞയാഴ്‌ച വിലക്കുകയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണസമിതി പിരിച്ചുവിട്ട് നേരത്തെ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് ഇപ്പോള്‍ അസാധുവായിരിക്കുന്നത്.  അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്. 

ഫിഫയുടെ വിലക്ക്: കേരള ബ്ലാസ്റ്റേഴ്സിന് കനത്ത പ്രഹരം; യുഎഇയിലെ സന്നാഹമത്സരങ്ങള്‍ നഷ്ടമാകും?

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍