
റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പരിശീലകന്‍ ടിറ്റെ. ഇതിന്റെ ഭാഗമായി യുറോപ്പില്‍ കളിക്കുന്ന ബ്രസീലിയന്‍ താരങ്ങളുടെ പ്രകടനം നേരിട്ടെത്തി വിലയിരുത്താനാണ് ടിറ്റെയുടെ തീരുമാനം. ഖത്തര്‍ ലോകകപ്പിലേക്ക് നോക്കിയാല്‍ കാണാവുന്ന ദൂരമേ ബാക്കിയുള്ളൂ. ലോകപ്പിനായി ഏറ്റവും മികച്ച ടീമിനെ സജ്ജമാക്കുകയാണ് ബ്രസീല്‍ കോച്ച് ടിറ്റെയുടെ ലക്ഷ്യം. ഖത്തറിലേക്ക് തിരിക്കും മുന്‍പ് ബ്രസീല്‍ അടുത്തമാസം രണ്ട് സന്നാഹമത്സരം കളിക്കുന്നുണ്ട്.
കുറേനാളുകളായി ദേശീയ ടീമിന് മത്സരങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ വിവിധ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെ പ്രകടനം നേരിട്ട് വിലയിരുത്താനാണ് ടിറ്റെയുടെ തീരുമാനം. ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ കളിക്കുന്ന താരങ്ങളുടെ കളിമികവും ഫിറ്റ്‌നസും നേരിട്ട് വിലയിരുത്തിയാവും ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുക.
ബ്രസീലിയന്‍ ടീമിലെ പ്രധാന താരങ്ങളായ നെയ്മര്‍ ജൂനിയര്‍, മാര്‍ക്വീഞ്ഞോസ് എന്നിവരുടെ പ്രകടനം വിലയിരുത്താന്‍ ഫ്രഞ്ച് ലീഗിലെ പി എസ് ജി, മൊണാക്കോ മത്സരത്തിനാണ് ടിറ്റെയെത്തുക. തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍- ഫുള്‍ഹാം മത്സരവും ടിറ്റെ കാണും. ഗബ്രിയേല്‍ ജീസസ്, മാര്‍ട്ടിനല്ലി, മഗല്ലസ് എന്നിവരാണ് ആഴ്‌സണല്‍ നിരയിലെ ബ്രസീലിയന്‍ താരങ്ങള്‍.
സ്‌പെയ്‌നില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- വിയ്യാറയല്‍, ഇറ്റലിയില്‍ യുവന്റസ്- റോമ, മെക്‌സിക്കോയില്‍ പ്യൂമാസ്- ടൈഗേഴ്‌സ്, പോര്‍ച്ചുഗലില്‍ ബെന്‍ഫിക്ക- ഡൈനമോ കീവ് മത്സരങ്ങളില്‍ ബ്രസീലിയന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ സഹപരിശീലകരായ ക്ലെബര്‍ സേവ്യര്‍, സെസാര്‍ സാംപായിയോ, മാത്തേയുസ് ബാചി, ജൂനീഞ്ഞോ പൗളിസ്റ്റ, ഗിയര്‍മോ പാസോസ് എന്നിവരാവും പോവുക.
ഷഹീന്‍ അഫ്രീദിയുടെ അഭാവം ഇന്ത്യക്ക് ആശ്വാസം! വഖാറിന്റെ പരാമര്‍ശത്തിന് ട്രോളര്‍മാരുടെ മറുപടി
വെറ്ററന്‍ താരമായ ഡാനി ആല്‍വസ് കളിക്കുന്ന മെക്‌സിക്കാന്‍ ക്ലബാണ് പ്യൂമാസ്. ടിറ്റെയും സഹപരിശീലകരും ബ്രസീലിയന്‍ ലീഗിലെ മത്സരങ്ങളും സൂക്ഷ്മമായി വിലയിരുത്തും. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിന്റെ എതിരാളികള്‍.