Asianet News MalayalamAsianet News Malayalam

ഫിഫയുടെ വിലക്ക്: കേരള ബ്ലാസ്റ്റേഴ്സിന് കനത്ത പ്രഹരം; യുഎഇയിലെ സന്നാഹമത്സരങ്ങള്‍ നഷ്ടമാകും?

യുഎഇയിൽ കേരള ബ്ലാസ്റ്റേഴ്സ് ഈമാസം 20, 25, 28 തീയതികളില്‍ സന്നാഹമത്സരത്തിന് ഇറങ്ങും എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്

ISL 2022 23 Kerala Blasters pre season matches in UAE on doubt as FIFA suspended AIFF
Author
Kochi, First Published Aug 17, 2022, 8:28 AM IST

കൊച്ചി: ഐഎസ്എല്ലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ യുഎഇയിൽ നിശ്ചയിച്ച പ്രീ സീസൺ സന്നാഹമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് കളിക്കാനായേക്കില്ല. വിലക്ക് തീരുംവരെ ഇന്ത്യയുമായുള്ള എല്ലാ ഫുട്ബോൾ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഫിഫ മറ്റ് അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതോടെ യുഎഇയിൽ നിശ്ചയിച്ച മൂന്ന് സന്നാഹമത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നഷ്ടമാവാനിടയുണ്ട്.

യുഎഇയിൽ കേരള ബ്ലാസ്റ്റേഴ്സ് ഈമാസം 20, 25, 28 തീയതികളില്‍ സന്നാഹമത്സരത്തിന് ഇറങ്ങും എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. 

കിട്ടിയത് മുട്ടന്‍ പണി, നന്നാവാനുള്ള അവസരവും 

ഭരണകെടുകാര്യസ്ഥതയുടെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ ഇന്നലെയാണ് വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എല്ലാ ദൈന്യംദിനം പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് ഫിഫയുടെ അറിയിപ്പ്. 

2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി അനിശ്ചിതത്വത്തിലായി. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. 

'കടുത്ത തീരുമാനം, പക്ഷേ ഗുണപരവും'; ഫിഫ വിലക്കിനോട് പ്രതികരിച്ച് ബൈച്ചുങ്ങ് ബൂട്ടിയ

Follow Us:
Download App:
  • android
  • ios