
വാഷിംഗ്ടൺ: സമാധാന പുരസ്കാരം ഏർപ്പെടുത്തി ഫിഫ. അടുത്ത മാസം വാഷിംഗ്ടണിൽ നടക്കുന്ന 2026 ലോകകപ്പ് ഫൈനൽ ഡ്രോ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇന്നലെ മയാമിയിൽ വേദി പങ്കിട്ടപ്പോഴായിരിന്നു അറിയിപ്പ്. ട്രംപിന് നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം. ട്രംപിന്റെ അടുത്ത സുഹൃത്താണ് ഇൻഫന്റിനോ. ഫിഫ സമാധാന പുരസ്കാരം എന്ന് പേരിട്ടിരിക്കുന്ന ഈ അവാർഡ് സമാധാനത്തിനായുള്ള അസാധാരണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതാണെന്ന് ഭരണസമിതി ബുധനാഴ്ച പറഞ്ഞു.
അസ്ഥിരമായ, വിഭജനങ്ങൾ ധാരാളമുള്ള ഈ ലോകത്ത് സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനത്തിനായി പ്രയത്നിക്കുകയും ചെയ്യുന്ന ആളുകളെയും അവരുടെ പ്രവർത്തനങ്ങളെയും അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പറഞ്ഞു. ഇൻഫാന്റിനോ ഈ വർഷം സമ്മാനിക്കുന്ന അവാർഡ് എല്ലാ വർഷവും ലോകമെമ്പാടുമുള്ള ആരാധകർക്ക് വേണ്ടി ഏർപ്പെടുത്തുമെന്നും ഫിഫ പറഞ്ഞു.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ട്രംപിന് ലഭിച്ചില്ല എന്നത് ലോകം ഉറ്റു നോക്കിയ വാർത്തയായിരുന്നു. 2026 ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് 100 മില്യൺ ഡോളറിന്റെ വിദ്യാഭ്യാസ പദ്ധതി ബോർഡിലേക്ക് ട്രംപിന്റെ മകൾ ഇവാങ്കയെ നിയമിച്ചിരുന്നതും ട്രംപ്- ഫിഫ ബന്ധത്തിന്റെ മറ്റൊരു സൂചനയാണ്.