
പനാജി: സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ രാത്രി 7:30-നാണ് കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമിഫൈനൽ ഉറപ്പിക്കാം. എങ്കിലും, ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ പൂർത്തിയാക്കാനായി മൂന്ന് പോയന്‍റും നേടുക എന്ന ലക്ഷ്യത്തോടെയാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.
സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്ന മുംബൈക്കെതിരായ ഈ കളി എളുപ്പമാകില്ലെന്ന് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല പറഞ്ഞു. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് കരുതലോടെയടെയാവും മുംബൈക്കെതിരെ ഇറങ്ങുക. ഞങ്ങളുടെ ടീം ആക്രമണത്തിൽ മികച്ച ഒത്തിണക്കം നേടിയിട്ടുണ്ട്, കൂടാതെ പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാനും ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്. കളിക്കാർ സംയമനം പാലിക്കുന്നതും, അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷവാനാക്കുന്നത്, അത് തുടരാൻ തന്നെയാവും ഈ മത്സരത്തിലും ശ്രമിക്കുകയെന്നും കറ്റാല പറഞ്ഞു.
കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയന്‍റ് നേടി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡി യിൽ ഒന്നാമതാണ്. കാറ്റലയുടെ ശൈലിയുടെ പ്രതിഫലനമെന്നോണം ലക്ഷ്യബോധത്തോടെയും നിയന്ത്രണത്തോടെയും കളിക്കാനാണ് ടീമിന് സാധിച്ചത്. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ പ്രതിരോധം ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. നാല് ഗോളുകൾ നേടുകയും രണ്ട് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ്, ഈ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്.
മുംബൈ സിറ്റി എഫ്‌സിയെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് തോറ്റതോടെ അവർ നിലവിൽ മൂന്ന് പോയന്‍റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. സെമി സാധ്യത നിലനിർത്താൻ അവർക്ക് ജയം അനിവാര്യമാണ്, അതിലും പ്രധാനമായി കൂടുതൽ ഗോൾ മാർജിൻ നേടുകയും ചെയ്യണം. ജയത്തിൽ കുറഞ്ഞതെന്തും മുംബൈയെ പുറത്താക്കും, അതുകൊണ്ട് തന്നെ പീറ്റർ ക്രാറ്റ്കിയുടെ ടീം, ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ ആക്രമണത്തോടെയാകും കളത്തിലിറങ്ങുക, അതുകൊണ്ട് തന്നെ ഇരു ടീമിനും ഇതൊരു കടുപ്പമേറിയ പോരാട്ടമായി മാറുമെന്നതിൽ സംശയമില്ല. കൈയെത്തും ദൂരത്ത് സെമിഫൈനൽ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, ഈ നിർണ്ണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് പൂർണ ആത്മവിശ്വാസത്തോടെ സെമിയിൽ കയറാനാവും ശ്രമിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!