ഖത്തറിലെ അത്ഭുതങ്ങള്‍, പോരാട്ടങ്ങള്‍, നൊമ്പരങ്ങള്‍, എങ്ങനെ മറക്കും ഈ കാഴ്ചകള്‍

By Vandana PRFirst Published Dec 8, 2022, 4:50 PM IST
Highlights

ടൂണീസ്യ ഒരൊറ്റ ഗോളേ ഖത്തറിലടിച്ചുള്ളു. പക്ഷേ അത് ധാരാളം മതി. കാരണം ആ ഒരു ഗോളിന് അവർ തോൽപിച്ചത് സാക്ഷാൽ ഫ്രാൻസിനെയാണ്. വാബി ഖസ്രി അങ്ങനെ നാടിന്റെ ചരിത്രത്തിലുമെത്തി. ആറാംവട്ടവും ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങേണ്ടി വന്നെങ്കിലും ഇക്കുറി ആ മടക്കം തലയുയർത്തി തന്നെയാണ്. കാരണം ചാമ്പ്യൻമാരെ വിറപ്പിച്ചുവിട്ടിട്ടാണ് അവർ മടങ്ങുന്നത്.  

ദോഹ: ഖത്തറിലെ പോരാട്ടമൈതാനങ്ങളിൽ അവശേഷിക്കുന്നത് എട്ട് ടീമുകൾ. യോഗ്യതാമത്സരങ്ങളിലൂടെ വീറും വാശിയും തെളിയിച്ചെത്തി, നന്നായി പോരാടി മടങ്ങിയത് 24 ടീമുകൾ. അവരിൽ എട്ടു പേർ പ്രീക്വാർട്ടർ എന്ന രണ്ടാംഘട്ടത്തിലെത്തി. അതിലും മുമ്പ് നാട്ടിലേക്ക് മടങ്ങിയ 16 ടീമുകളിലും ‌ഞെട്ടിച്ചവരുണ്ട്, പോരാടിയവരുണ്ട്, തെളിയിച്ചവരുണ്ട്,

അർജന്‍റീനയെ ഞെട്ടിച്ചവരാണ് സൗദി അറേബ്യ. ഇനി ഫുട്ബോൾ ഉള്ള കാലത്തോളം ആ ഞെട്ടിക്കൽ, വാർത്തയായി, കഥയായി, അത്ഭുതമായി. ചരിത്രമായി തുടരും. അർജന്റീനക്ക് എതിരെ ഒന്നാന്തരം വിജയഗോൾ അടിച്ചത് അൽ ദവ്സരി.  അതും നല്ല ഒന്നാന്തരം ഗോൾ.ലോകകപ്പിൽ ടീമിന് ജയം നേടിക്കൊടുക്കുന്ന ഗോൾ അടിക്കുന്നത് ഇതാദ്യമല്ല. 2014 ലോകകപ്പ് യോഗ്യാമത്സരത്തിൽ കളിച്ചു കൊണ്ട് സൗദി ദേശീയ ടീമിലെത്തിയ അൽ ദവ്സരി കഴിഞ്ഞ ലോകകപ്പിൽ ഈജിപ്തിനെതിരെ സൗദിയുടെ വിജയഗോൾ അടിച്ചു. ഇക്കുറി മെക്സിക്കോക്ക് എതിരെയും ഗോളടിച്ച അൽ ദവ്സരി രാജ്യത്തിന് വേണ്ടി ഏറ്റവും ഗോളടിച്ച സാമി അൽ ജാബറിനൊപ്പമെത്തി.

ടൂണീസ്യ ഒരൊറ്റ ഗോളേ ഖത്തറിലടിച്ചുള്ളു. പക്ഷേ അത് ധാരാളം മതി. കാരണം ആ ഒരു ഗോളിന് അവർ തോൽപിച്ചത് സാക്ഷാൽ ഫ്രാൻസിനെയാണ്. വാബി ഖസ്രി അങ്ങനെ നാടിന്റെ ചരിത്രത്തിലുമെത്തി. ആറാംവട്ടവും ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങേണ്ടി വന്നെങ്കിലും ഇക്കുറി ആ മടക്കം തലയുയർത്തി തന്നെയാണ്. കാരണം ചാമ്പ്യൻമാരെ വിറപ്പിച്ചുവിട്ടിട്ടാണ് അവർ മടങ്ങുന്നത്.  

വിൻസെന്റ് അബൂബക്കർ ഖത്തറിൽ രണ്ട് ഗോള്‍ അടിച്ചു. പക്ഷേ അതിലൊന്ന് ബ്രസീലിന് എതിരെയായിരുന്നു. ആ ഗോളിൽ നേടിയ ഒരൊറ്റ വിജയത്തിന്റെ സന്തോഷത്തിലാണ് ആഫ്രിക്കൻ കരുത്തുമായെത്തിയ കാമറൂൺ നാട്ടിലേക്ക് മടങ്ങിയത്. ഇത് അബൂബക്കറിന്റെ മൂന്നാം ലോകകപ്പ്.2017ൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം അബൂബക്കറിന്റെ ഗോളിന്റെ ബലത്തിലായിരുന്നു.

സെനഗലിന്റെ ക്യാപ്റ്റൻ കാലിഡു കുലിബാലിയെ മറക്കാൻ പറ്റുമോ?  തലപ്പൊക്കമുള്ള സാദിയോ മാനെ ഇല്ലാത്ത കേടറിയാക്കാതെ ടീമിനെ ഒത്തിണക്കത്തോടെ നയിച്ച കുലിബാലിയാണ് ഇക്വഡോറിന് എതിരായ നിർണായക മത്സരത്തിൽ വിജയഗോളടിച്ചത്.

ഇന്നെർ വലെൻസിയയെ എങ്ങനെ മറക്കും? ഇക്വഡോറിന് വേണ്ടി മൂന്ന് ഗോളടിച്ച നായകൻ. പരിക്കുകൾ വലക്കുമ്പോഴും ഊ‌ർജം കുറയാതെ മുന്നേറിക്കളിച്ചവൻ. ലോകകപ്പിൽ ആകെ ആറു ഗോളടിച്ച് രാജ്യത്തിന്റെ ടോപ് സ്കോറർ ആണ് വലെൻസിയ. ആകെ അടിച്ചത് 38 ഗോൾ. ഇക്വഡോറിന്റെ എക്കാലത്തേയും മികച്ച കളിക്കാരൻ. സൂപ്പർ താരം മെഹ്ദി തരേമിക്ക് ഇറാൻ നിരയിൽ ഇത്തിരി മുൻതൂക്കം കൂടുതലുണ്ട്. ഇംഗ്ലണ്ട് തേരോട്ടം നടത്തിയ ആദ്യമത്സരത്തിൽ നല്ലൊരു ഗോളാണ് തരേമിയടിച്ചത്. കിട്ടിയ പെനാൽറ്റി ,പിക്ഫഡ് എന്ന ഒന്നാന്തരം ഗോളിക്ക് മുന്നിൽ അടിപതറാകെ ഗോളാക്കുകയും ചെയ്തു.

ഖത്തർ ഒരൊറ്റ മത്സരവും ജയിക്കാത്ത ആതിഥേയരായി. പക്ഷേ മുഹമ്മദ് മുന്താരി അന്നാടിന്‍റെ ചരിത്രത്തിൽ പേര് കുറിച്ചു, ലോകകപ്പിലെ അന്നാടിന്റെ ആദ്യ ഗോൾ കുറിച്ചു. സെനഗലിന് എതിരെ നേടിയ ഗോൾ ഖത്തറിന്‍റെ ഏകഗോളുമായിരുന്നു.കാനഡയുടെ അൽഫോൻസോ ഡേവിസ്,  സെർബിയയുടെ മിട്രോവിച്ച്,അമേരിക്കയുടെ പുലിസിച്ച്. ഘാനയുടെ കുഡൂസ് അങ്ങനെ അങ്ങനെ കുറേ പേർ. നാട്ടിലേക്ക് ആദ്യം മടങ്ങിയവരിൽ ആരാധകരുടെ മനസ്സിലിടം പിടിച്ച ഒരുപാടുപേരുണ്ട്. ഇനിയും അവരിൽ ചിലരൊക്കെ തിരിച്ചുവരും. ചിലപ്പോൾ വേറെ താരോദയങ്ങളുണ്ടാകും. തോറ്റു മടങ്ങുമ്പോഴും നായകൻമാരാകാൻ എപ്പോഴും ആരെങ്കിലും ഉണ്ടാകും.

click me!