Latest Videos

നൃത്തം ആനന്ദത്തിന്, എതിര്‍ ടീമിനെ കളിയാക്കാനല്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി വിനീഷ്യസ് ജൂനിയര്‍

By Jomit JoseFirst Published Dec 8, 2022, 4:23 PM IST
Highlights

ഓരോ ഗോളിന് ശേഷവും സാംബാ ചുവടുകളുമായി ബ്രസീലിയന്‍ താരങ്ങള്‍ കളംനിറഞ്ഞിരുന്നു

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ദക്ഷിണ കൊറിയക്ക് എതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ ബ്രസീലിന്‍റെ ഗോളാഘോഷങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാംബാ ചുവടുകള്‍ക്ക് പേരുകേട്ട ബ്രസീലിയന്‍ ടീം എതിരാളികളെ അനാദരിക്കുന്ന തരത്തിലാണ് അമിത നൃത്തം ചവിട്ടുന്നത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം തള്ളുകയാണ് ബ്രസീലിയന്‍ യുവ താരം വിനീഷ്യസ് ജൂനിയര്‍. 

'ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് ഗോള്‍ നേടുക എന്നത്. ലോകകപ്പാവുമ്പോള്‍ ഇതിന്‍റെ പ്രധാന്യം കൂടും. ടീമിന് മാത്രമല്ല, രാജ്യത്തിനാകെ ആനന്ദം പകരുന്നതാണിത്. ഇനിയുമേറെ ഗോളാഘോഷങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അതിനാല്‍ കൂടുതല്‍ മികച്ച പ്രകടനം ഞങ്ങള്‍ക്ക് പുറത്തെടുക്കേണ്ടതുണ്ട്. മത്സരങ്ങള്‍ വിജയിക്കേണ്ടതുണ്ട്. സന്തോഷലഹരിയില്‍ തുടരേണ്ടതുണ്ട്. വിമര്‍ശകരേക്കാള്‍ കൂടുതല്‍ പേര്‍ ഞങ്ങളെ പിന്തുണയ്ക്കുന്നു എന്നതിനാല്‍ ശാന്തരായി തുടരുകയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നും വിനീഷ്യസ് ജൂനിയര്‍ കൂട്ടിച്ചേര്‍ത്തു. ബ്രസീലിയന്‍ താരങ്ങളുടെ ഗോളാഘോഷ നൃത്തങ്ങളെ നേരത്തെ പരിശീലകന്‍ ടിറ്റെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. താരങ്ങളുടെ രീതിയിലേക്ക് മാറാന്‍ ഞാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു ടിറ്റെയുടെ വാക്കുകള്‍. 

പ്രീ ക്വാർട്ടറില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിലെത്തിയത്. ഓരോ ഗോളിന് ശേഷവും സാംബാ ചുവടുകളുമായി ബ്രസീലിയന്‍ താരങ്ങള്‍ കളംനിറഞ്ഞു. ഇത് അമിത ആഘോഷമാണെന്നും എതിര്‍ ടീമിനെ അപമാനിക്കും തരത്തിലുള്ളതാണെന്നും വിമര്‍ശനം പിന്നാലെ ശക്തമാവുകയായിരുന്നു. 

ദക്ഷിണ കൊറിയക്കെതിരെ ഏഴാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ 13-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മർ ലീഡ് രണ്ടാക്കി ഉയർത്തി. രാജ്യത്തിനായി സുല്‍ത്താന്‍റെ 76-ാം ഗോളാണിത്. 29-ാം മിനുറ്റിലായിരുന്നു സാബാ ചുവടുകളുടെ വശ്യതയെല്ലാം മൈതാനത്ത് കണ്ട റിച്ചാർലിസണിന്‍റെ അതിസുന്ദര ഗോള്‍. 36-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റ നാലാം ഗോള്‍ നേടി. ബ്രസീല്‍ ഏകപക്ഷീയമായ നാല് ഗോള്‍ ലീഡുമായി ആദ്യപകുതിക്ക് പിരിഞ്ഞപ്പോള്‍ 76-ാം മിനുറ്റില്‍ പൈക്കിന്‍റെ വകയായിരുന്നു കൊറിയയുടെ ഏക മടക്ക ഗോള്‍. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് കാനറികളുടെ എതിരാളികള്‍. 

ബ്രസീല്‍ വമ്പന്‍ ടീം, ഞങ്ങളെ നിസ്സാരക്കാരായി കാണണ്ടാ; ക്വാർട്ടറിന് മുമ്പ് ക്രൊയേഷ്യന്‍ പരിശീലകന്‍

click me!