മത്സരത്തിന്‍റെ ഫൈനൽ വിസിൽ മുഴങ്ങിയയുടൻ ആവേശം അടക്കാനാകാതെ കോച്ച് ബെക്കാസെസെ ഗാലറിയിലേക്ക് ഓടിക്കയറുകയും, ബാരിക്കേഡുകൾ ചാടിക്കടന്ന് അവിടെയുണ്ടായിരുന്ന തന്‍റെ ഭാര്യയെ കെട്ടിപ്പിടിച്ച് വിതുമ്പുകയുമായിരുന്നു.

ന്യൂയോർക്ക്: മുൻ ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇക്വഡോർ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിന്‍റെ ഫൈനൽ വിസിൽ മുഴങ്ങിയയുടൻ ആവേശം അടക്കാനാകാതെ കോച്ച് ബെക്കാസെസെ ഗാലറിയിലേക്ക് ഓടിക്കയറുകയും, ബാരിക്കേഡുകൾ ചാടിക്കടന്ന് അവിടെയുണ്ടായിരുന്ന തന്‍റെ ഭാര്യയെ കെട്ടിപ്പിടിച്ച് വിതുമ്പുകയുമായിരുന്നു. ചരിത്ര നിമിഷത്തിന് സാക്ഷിയായ ഗാലറിയിലെ ഭൂരിഭാഗം ഇക്വഡോർ ആരാധകരും ആനന്ദക്കണ്ണീരിലായിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഈ സന്തോഷം പങ്കിടുക, ബിയർ കുടിച്ച് മനോഹരമാക്കുക. ലോകകപ്പ് ചരിത്രത്തിൽ ഇക്വഡോറിന്‍റെ ഏറ്റവും വലിയ വിജയമാണിത്. ഇതിനായി ഞങ്ങൾ കഠിനാധ്വാനം ചെയ്തു, രാജ്യം കണ്ട ഏറ്റവും മികച്ച ലോകകപ്പ് ക്യാമ്പെയ്ൻ എന്ന സ്വപ്നവുമായാണ് ഞങ്ങൾ വന്നത്, അത് ഞങ്ങൾ സാധിച്ചെടുത്തു മത്സരശേഷം വികാരാധീനനായി സെബാസ്റ്റ്യൻ ബെക്കാസെസെ പറഞ്ഞു.

Scroll to load tweet…

ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും ടീം തങ്ങളുടെ ശൈലി മാറ്റിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോൾ അങ്ങനെയാണ്, ഒരു ദിവസം ജയിക്കും, മറ്റൊരു ദിവസം തോൽക്കും. ആദ്യ മത്സരങ്ങൾ തോറ്റപ്പോൾ ഞങ്ങൾ നരകത്തിലൊന്നുമായിരുന്നില്ല, ഇപ്പോൾ ജയിച്ചെന്ന് കരുതി സ്വർഗ്ഗത്തിലുമാണെന്ന് കരുതുന്നില്ല. മത്സരങ്ങളിൽ ഒരു ബാലൻസ് നിലനിർത്തുക എന്നതാണ് പ്രധാനം. ഞങ്ങൾ വിനയത്തോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകും-ബെക്കാസെസെ വ്യക്തമാക്കി. ഇക്വഡോറിനോട് തോറ്റെങ്കിലും ജർമ്മനി ഗ്രൂപ്പ് ഇ ജേതാക്കളായി അടുത്ത ഘട്ടത്തിലേക്ക് കടന്നു. എന്നാൽ ജർമ്മനിയെ അട്ടിമറിച്ച വൻ ആത്മവിശ്വാസവുമായാണ് ഇക്വഡോർ ഇനി പ്രീ-ക്വാർട്ടർ പോരാട്ടത്തിനിറങ്ങുക.

Scroll to load tweet…

ആവേശജയം

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐവറികോസ്റ്റിനോട് തോൽക്കുകയും, രണ്ടാമത്തെ മത്സരത്തിൽ പുതുമുഖങ്ങളായ ക്യുറസാവോയോട് സമനില വഴങ്ങുകയും ചെയ്ത ഇക്വഡോറിന് നോക്കൗട്ടിലെത്താൻ ജർമനിക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാൽ കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ജർമ്മനി മുന്നിലെത്തി. ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ ജർമ്മൻ താരം ഹൈ-ബൂട്ട് ഫൗൾ ചെയ്തുവെന്ന് ഇക്വഡോർ വാദിച്ചെങ്കിലും റഫറി അത് നിരാകരിച്ചു. തളരാതെ പോരാടിയ ഇക്വഡോർ ഒമ്പതാം മിനിറ്റിൽ നീൽസൺ അംഗുലോയുടെ ലോംഗ് റേഞ്ചറിലൂടെ സമനില പിടിച്ചു.

Scroll to load tweet…

ടൂർണമെന്‍റിൽ ഇക്വഡോർ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ കളി കൂടുതൽ ആവേശഭരിതമായി. ജർമനിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വാര്‍ ഇടപെടലിലൂടെ റഫറി റദ്ദാക്കി. ഒടുവിൽ 77-ാം മിനിറ്റിൽ കാത്തിരുന്ന ആ വിജയഗോൾ പിറന്നു. പകരക്കാരനായി ഇറങ്ങിയ കെവിൻ റോഡ്രിഗസ് എടുത്ത കോർണർ കിക്ക് ഗൊൺസാലോ പ്ലാറ്റ ജർമ്മൻ വലയിലെത്തിച്ചു (2-1). പിന്നീട് ജർമ്മനി ഉയർത്തിയ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് 20 മിനിറ്റോളം ലീഡ് നിലനിർത്തിയ ഇക്വഡോർ, ടൂർണമെന്‍റിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായ 8 ടീമുകളിൽ ഒന്നായി റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത ഉറപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക