
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഏഷ്യൻ പവർ ഹൗസായ ജപ്പാന്‍റെ വീരേതിഹാസം. ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീലിനെ മലർത്തിയടിച്ച് ഇതാദ്യമായി വിജയഭേരി മുഴക്കിയാണ് ജപ്പാൻ ലോക ഫുട്ബോളിനെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ അനായസ ജയത്തിലേക്ക് നീങ്ങിയ കാനറികളെ രണ്ടാം പകുതിയിൽ പോരാട്ട വീര്യം കൊണ്ട് തകർത്തെറിഞ്ഞാണ് ജപ്പാൻ വിസ്മയിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജപ്പാൻ മലർത്തിയടിച്ചത്. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് ലീഡ് ചെയ്തപ്പോൾ അനായാസ ജയം എന്നായാരുന്നു ഏവരും കരുതിയത്. എന്നാൽ രണ്ടാം പകുതിയിലെ 3 തകർപ്പൻ ഗോളുകളോടെ വമ്പൻ താരനിരയുമായെത്തിയ ബ്രസീലിന്‍റെ സാംബാ താളത്തെ തുരത്തിയോടിക്കുകയായിരുന്നു ജപ്പാൻ. ഈ ത്രസിപ്പിക്കുന്ന വിജയം ജപ്പാനിലാകെ വമ്പൻ ആഘോഷത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ജപ്പാൻ തലസ്ഥാന നഗരിയായ ടോക്കിയോയിലെ അജിനോമോട്ടോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ആദ്യ പകുതി ബ്രസീലിന്‍റെ സമഗ്രാധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്. 6 മിനിട്ടിന്‍റെ ഇടവേളയിൽ 2 തവണ ജപ്പാൻ പോസ്റ്റിലേക്ക് നിറയൊഴിച്ച കാനറികൾ അനായാസ വിജയം സ്വന്തമാക്കുമെന്നായിരുന്നു പ്രതീക്ഷ. 26 -ാം മിനിറ്റിൽ ഹെന്റികും, 32 -ാം മിനിറ്റിൽ ഗബ്രിയേൽ മാർടിനല്ലിയുമാണ് സാംബാ താളത്തിൽ ജപ്പാൻ വല കുലുക്കിയത്. പിന്നിടൂള്ള 13 മിനിട്ടിലും ബ്രസീലിന്‍റെ പടയോട്ടമാണ് കളത്തിൽ കണ്ടത്.
എന്നാൽ രണ്ടാം പകുതിയിൽ കഥ മാറുകയായിരുന്നു. സർവ്വശക്തിയുമെടുത്ത് ജപ്പാൻ നടത്തിയ പ്രത്യാക്രമണത്തിന് മുന്നിൽ ബ്രസീൽ അസ്ത്രപ്രജ്ഞരായി. 52 -ാം മിനിറ്റിൽ തകുമി മിനാമിനോയിയാണ് ബ്രസീലിന്‍റെ നെഞ്ച് തകർത്ത് ആദ്യ വെടി പൊട്ടിച്ചത്. 10 മിനിട്ടിനുള്ളിൽ 62 -ാം മിനിറ്റിൽ കെയ്റ്റോ നകാമുറ സമനില ഗോളും നേടിയതോടെ മത്സരം ആവേശഭരിതമായി. ഫെയ്നൂർദ് താരം അയാസേ ഉയേദയായിരുന്നു സാംബാ താളത്തിന്‍റെ ശവക്കല്ലറയിലെ ആണിയടിച്ച വെടി പൊട്ടിച്ചത്. 71 -ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് അയാസേ ഉയേദ ജപ്പാന്‍റെ വിരേതിഹാസം രചിച്ചു. സൗഹൃദ മത്സരം കളിക്കാനെത്തിയ കാനറികൾക്ക് പിന്നീട് സങ്കടക്കണ്ണീരായിരുന്നു. ജപ്പാനിലാകെ വിജയച്ചിരി പടരുകയാണ്. 5 തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെ തോൽപ്പിക്കാനായത് ജപ്പാൻ ഫുട്ബോളിനും ഏഷ്യൻ കാൽപ്പന്ത് ലോകത്തിനും സമ്മാനിക്കുന്ന ആത്മവിശ്വാസം ചില്ലറയല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!