
ദുബായ്: കേരള ബ്ലാസ്റ്റേഴ്സ് വിട്ടശേഷം ഇന്ത്യയിൽ നിന്നുള്ള മറ്റു ക്ലബ്ബുകളുടെ ഓഫർ നിരസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്. കേരളത്തിലേക്ക് തിരിച്ചു വരുന്നത് തള്ളിക്കളയാനാവില്ലെന്നും ആരാധകരുടെ ആശാൻ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജന്‍റീന ടീം കേരളത്തിലെത്തുമ്പോൾ കളി കാണാനെത്തുമെന്നും ഫുട്ബോളിന് ഇത് പുതിയ ഉണർവാണെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കടലിനും താരങ്ങൾക്കും മുകളിൽ പ്രശസ്തമായ പേരും പദവിയുമാണ് ഇവാൻ വുകോമനോവിച്ചിന്‍റേത്. ആരാധകർ സ്നേഹത്തോടെ ആശാനെന്ന് വിളിച്ച പരിശീലകന്‍. ബ്ലാസ്റ്റേഴ്സ് വിട്ട വുകോമനോവിച്ച് കഴിഞ്ഞ ഒമ്പത് മാസം സിനിമാ തിരക്കുകളിലായിരുന്നു. അജ്മാനിൽ എച്ച് 16 സ്പോർട്സ് സംഘടിപ്പിച്ച ക്യാംപിൽ കുട്ടികൾക്ക് ഓരോരുത്തർക്കും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും സമയം കണ്ടെത്തി. അവിടെ വെച്ചാണ് മറ്റു ക്ലബുകളുടെ ഓഫർ നിരസിച്ചതും കാരണവും ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നു പറഞ്ഞത്.
നല്ല ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്സുമായുള്ള എന്‍റെ ബന്ധം വൈകാരികമാണ്. മൂന്ന് കൊല്ലം ചെലവിട്ട ക്ലബ് വിട്ട് അതേ ഇടത്ത് മറ്റൊരു ക്ലബ്ബിൽ പരിശീലകനായി ചേരുന്നത് ഉചിതമാവില്ലെന്ന് തോന്നി. എന്‍റെ ഹൃദയം ഇപ്പോഴും മഞ്ഞയിൽ നിറഞ്ഞു നിൽക്കുന്നു. ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്കും ചില വിളികളുണ്ടായെന്നും വുകോമനോവിച്ച് പറഞ്ഞു. കേരളത്തിലേക്ക് തന്നെ മടങ്ങിയെത്താനുള്ള സാധ്യതയും വുകോമനോവിച്ച് തള്ളിക്കളഞ്ഞില്ല. നമുക്കൊന്നും പ്രവചിക്കാൻ പറ്റില്ല. ഫുട്ബോളിൽ എന്തും സംഭവിക്കാം. ആർക്കറിയാം നാളെ എന്താകുമെന്നെന്ന് വുകോമനോവിച്ച് പറഞ്ഞു. സൂപ്പർ ലീഗ് കേരളയുടെ വളർച്ച ആവേശത്തോടെ നോക്കിക്കാണുന്നുവെന്നും സൂപ്പർ ലീഗ് കേരളയുടെ വളർച്ച ആവേശത്തോടെ നോക്കിക്കാണുന്നുവെന്നും വുകോമനോവിച്ച് പറഞ്ഞു.
സിനിമാ അഭിനയം അൽപ്പം കടുപ്പമായിരുന്നുവെന്ന് വുകോമനോവിച്ച് പറഞ്ഞു. അവിടെ ആശാന്‍റെ ആശാനായി മാറിയത് സംവിധാകൻ വിനീത് ശ്രീനിവാസനായിരുന്നു. വിനീത് എല്ലാം എളുപ്പമാക്കിത്തന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് മികച്ച അനുഭവമായിരുന്നുവെന്നും ആ ദിവസങ്ങൾ ശരിക്കും ആസ്വദിച്ചുവെന്നും വുകോമനോവിച്ച് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ടീം കേരളത്തില്‍ വരുന്നതും കളിക്കുന്നതും വലിയ പ്രചോദനമായാണ് കാണുന്നതെന്ന് അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തെക്കുറിച്ച് വുകോമനോവിച്ച് പറഞ്ഞു. പറ്റിയാൽ താനും അര്‍ജന്‍റീനയുടെ കളി കാണാൻ വരുമെന്നും വുകോമനോവിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക