Kylian Mbappe : എംബാപ്പെ വരില്ലെന്ന് പെരസ് റയല്‍ മാഡ്രിഡ് ടീമിനെ അറിയിച്ചു; താരം പിഎസ്ജിയില്‍ തുടര്‍ന്നേക്കും

By Web TeamFirst Published May 21, 2022, 2:43 PM IST
Highlights

റയലുമായും പി എസ് ജിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്നും ഏത് ക്ലബിലേക്കാണ് പോകേണ്ടതെന്ന് ഇനി എംബാപ്പേയാണ് തീരുമാനിക്കേണ്ടതെന്നും താരത്തിന്റെ അമ്മയും ഏജന്റുമായ ഫയ്‌സ ലമാറി വ്യക്തമാക്കി.

പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ (Kylian Mbappe) ട്രാന്‍സ്ഫറില്‍ അനിശ്ചിതത്വം തുടരുന്നു. എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വമ്പന്‍ വാഗ്ദാനങ്ങളാണ് പിഎസ്ജി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പരിശീലകനെയും സഹതാരങ്ങളെയും തിരഞ്ഞെടുക്കനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫറാണ് പി എസ് ജി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്‌ളൊറന്റീനൊ പെരസ്, എംബാപ്പെ വരില്ലെന്ന് ടീമിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. എംബാപ്പെ പിഎസ്ജിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിച്ചെന്നാണ് വിവരം. 

റയലുമായും പി എസ് ജിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്നും ഏത് ക്ലബിലേക്കാണ് പോകേണ്ടതെന്ന് ഇനി എംബാപ്പേയാണ് തീരുമാനിക്കേണ്ടതെന്നും താരത്തിന്റെ അമ്മയും ഏജന്റുമായ ഫയ്‌സ ലമാറി വ്യക്തമാക്കി. പി എസ് ജിയും റയലും മുന്നോട്ടുവെച്ച കരാറുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും പി എസ് ജിയില്‍ തുടരണോ റയലിലേക്ക് പോകണോ എന്ന കാര്യത്തില്‍ എംബാപ്പെ തീരുമാനമെടുക്കട്ടെയെന്നും ലമാറി പ്രസ്താവനയില്‍ വ്യക്തമാക്കി. ലമാറിയാണ് എംബാപ്പെയുടെ വാണിജ്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്.

എംബാപ്പെക്ക് പ്രതിമാസ പ്രതിഫലമായി 39 കോടി രൂപയാണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ പ്രതിഫലത്തിന്റെ ഇരട്ടിയാണിത്. പ്രതിഫലം 39 കോടിയാകുന്നതോടെ എംബാപ്പെ മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരനാവും.

റയല്‍ സമനിലയോടെ അവസാനിപ്പിച്ചു

മാ്ഡ്രിഡ്: അതേസമയം, റയല്‍ മാഡ്രിഡിന്റെ ലാ ലീഗ സീസണ് സമനിലയോടെ അവസാനം. റയല്‍ ബെറ്റിസാണ് റയലിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ലീഗ് കിരീടം നേരത്തെ തന്നെ റയല്‍ സ്വന്തമാക്കിയിരുന്നു. 38 കളികളില്‍ 86 പോയിന്റ് നേടിയാണ് റയല്‍ തങ്ങളുടെ മുപ്പത്തിയഞ്ചാം ലാ ലീഗ കിരീടം സ്വന്തമാക്കിയത്.

പ്രീമിയര്‍ ലീഗ് ചാംപ്യന്മാരെ നാളെ അറിയാം

ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളെ നാളെ അറിയാം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റന്‍വില്ലയെയും രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍, വോള്‍വ്‌സിനെയും നേരിടും. 37 മത്സങ്ങള്‍ പിന്നിടുന്‌പോള്‍ സിറ്റിക്ക് 90ഉം ലിവര്‍പൂളിന് 89ഉം പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ ആസ്റ്റന്‍ വില്ലയെ തോല്‍പിച്ചാല്‍ സിറ്റി കിരീടം നിലനിര്‍ത്തും. 

ലിവര്‍പൂളിന് കിരീടത്തില്‍ എത്തണമെങ്കില്‍ വോള്‍വ്‌സിനെ തോല്‍പിക്കുകയും, സിറ്റി അവസാന മത്സരത്തില്‍ പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍, ചെല്‍സി, ലെസ്റ്റര്‍ സിറ്റി, ടോട്ടനം ടീമുകള്‍ക്കും നാളെ മത്സരമുണ്ട്. രാത്രി എട്ടരയ്ക്കാണ് എല്ലാ കളിയും തുടങ്ങുക.
 

click me!