ലോക ഒന്നാം നമ്പര്‍ താരമായ ബാര്‍ട്ടി ടൂര്‍ണമെന്‍റില്‍ ഒരു സെറ്റ് പോലും ഇതുവരെ വഴങ്ങിയിട്ടില്ല

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് (Australian Open 2022) വനിതാ ചാമ്പ്യനെ ഇന്ന് അറിയാം. ഓസ്ട്രേലിയയുടെ ആഷ്‍‍ലി ബാര്‍ട്ടിയും (Ash Barty) അമേരിക്കയുടെ ഡാനിയേല കോളിന്‍സും (Danielle Collin) തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. ലോക റാങ്കിംഗിലെ അന്തരവും മെൽബണിലെ ഫോമും കണക്കിലെടുത്താൽ ആഷ്‍‍ലി ബാര്‍ട്ടി ജന്മനാട്ടിലെ ഗ്രാന്‍സ്ലാമിന് ആദ്യമായി അവകാശിയാകും.

ലോക ഒന്നാം നമ്പര്‍ താരമായ ബാര്‍ട്ടി ടൂര്‍ണമെന്‍റില്‍ ഒരു സെറ്റ് പോലും ഇതുവരെ വഴങ്ങിയിട്ടില്ല. കണ്ണടച്ച് തുറക്കും വേഗത്തിൽ മത്സരങ്ങള്‍ അവസാനിപ്പിച്ച ബാര്‍ട്ടിക്കെതികെ 6 മത്സരങ്ങളിലായി എതിരാളികള്‍ നേടിയത് 21 ഗെയിം മാത്രം. 1978ൽ ക്രിസ് ഒനീലിന്‍റെ കിരീട നേട്ടത്തിനുശേഷം ഓസ്ട്രേലിയക്കാരിയായ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പൺ ചാമ്പ്യനാവുകയാണ് 25കാരിയായ ബാര്‍ട്ടിയുടെ ലക്ഷ്യം. 2019ൽ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും നേടിയിട്ടുണ്ട് ബാര്‍ട്ടി.

മറുവശത്ത് നിൽക്കുന്ന ഡാനിയേല കോളിന്‍സ് ഒരു ഗ്രാന്‍സ്ലാം കിരീടത്തിന് കയ്യെത്തും അരികെ എത്തുന്നത് തന്നെ ആദ്യം. ലോക റാങ്കിംഗില്‍ മുപ്പതാം സ്ഥാനക്കാരിയായി മെൽബണിലെത്തിയ കോളിന്‍സ് തിങ്കളാഴ്ചത്തെ പുതിയ പട്ടികയിൽ ആദ്യ പത്തിലേക്ക് മുന്നേറും. എന്നാൽ അതുകൊണ്ട് മാത്രം തൃപ്തയാകില്ല അമേരിക്കന്‍ താരമെന്ന് ഉറപ്പ്. ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്‍പ് സന്നാഹ മത്സരങ്ങള്‍ കളിക്കാതിരുന്ന കോളിന്‍സിന്‍റെ ആക്രമണോത്സുക ശൈലി ബാര്‍ട്ടിക്ക് വെല്ലുവിളിയോയേക്കും.

ഇരുവരും തമ്മിലുള്ള 4 മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് ബാര്‍ട്ടിയാണ്. എന്നാൽ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം കോളിന്‍സിനൊപ്പം ആയിരുന്നു. 

Hockey Women's Asia Cup 2022: ഏഷ്യാ കപ്പ് വനിതാ ഹോക്കി: ചൈനയെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം