
ജിദ്ദ: ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതിന്‍റെ ഭാഗമായി 2026 ഓടെ രാജ്യത്ത് മദ്യത്തിനുള്ള വിലക്ക് ഭാഗികമായി നീക്കാന്‍ സൗദി അറേബ്യ. 2034ലെ ഫുട്ബോള്‍ ലോകകപ്പിന് സൗദിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് രാജ്യത്തെ അറുന്നൂറോളം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വീര്യം കുറഞ്ഞ ബിയര്‍ വൈന്‍, സൈഡര്‍ എന്നിവയ്ക്കുള്ള വിലക്ക് നീക്കാന്‍ സൗദി തയാറെടുക്കുന്നതെന്ന് പ്രാദേശിക സൗദി മാധ്യമങ്ങളെ ഉദ്ധരിച്ച് ദ് യുഎസ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കുന്നതിലൂടെ വിനോദസഞ്ചാര മേഖലയില്‍ യുഎഇ, ബഹ്റിന്‍ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാനും അവസരം തുറന്നിടുമെന്നാണ് സൗദിയുടെ പ്രതീക്ഷ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണ നടപടികളുടെ തുടര്‍ച്ചയായാണ് തീരുമാനം. നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കിയ പരിഷ്കരണ നടപടികളുടെ ഭാഗമായി സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനും സംഗീതനിശകളില്‍ സ്ത്രീകള്‍ പങ്കെടുക്കന്നതിനുമുള്ള വിലക്കുകള്‍ നീക്കിയിരുന്നു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ആഢംബര റിസോര്‍ട്ടുകള്‍ തുടങ്ങി രാജ്യത്തെ അറുന്നൂളോളം വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ബീയറും വൈനും സിഡറും അടക്കം വീര്യം കുറഞ്ഞ മദ്യം വില്‍ക്കാൻ അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാജ്യത്ത് 20 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വീര്യം കൂടിയ മദ്യത്തിനുള്ള നിരോധനം മുമ്പത്തെപ്പോലെ തുടരും.
പൊതു സ്ഥലങ്ങളിലും വീടുകളിലും കടകളിലുമുള്ള മദ്യനിരോധനവും അതുപോലെ തുടരും. 73 വര്‍ഷത്തിനുശേഷമാണ് രാജ്യത്ത് മദ്യം വില്‍ക്കാന്‍ അനുമതി നല്‍കുന്ന ചരിത്രപരമായ തീരുമാനത്തിന് സൗദി തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 1952ലാണ് സൗദിയില്‍ മദ്യത്തിന്‍റെ വില്‍പനയും ഉപയോഗവും നിയമപരമായി നിരോധിച്ചത്. കഴിഞ്ഞ വര്‍ഷം റിയാദിലെ നയതന്ത്രപ്രതിനിധികള്‍ക്കുള്ള ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ വൈന്‍, ബിയര്‍ അടക്കമുള്ള വീര്യം കുറഞ്ഞ മദ്യം ലഭിക്കുന്ന സ്റ്റോര്‍ തുറന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രമായിരുന്നു ഇവിടെ വീര്യം കുറഞ്ഞ മദ്യം ലഭിച്ചിരുന്നത്.