
തിരുവനന്തപുരം: സംഭവ ബഹുലമായിരുന്നു 2022ലെ ഫുട്ബോൾ ലോകം. അർജന്‍റീന ലോക ചാമ്പ്യൻമാരായപ്പോൾ പെലെയുടെ വിയോഗം നൊമ്പരമായി.ഫുട്ബോൾ ലോകത്തെ ത്രസിപ്പിച്ചാണ് വിശ്വവേദിയിൽ അർജന്‍റീന 36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്. കിലിയൻ എംബാപ്പേയുടെ ഫ്രാൻസിന്‍റെ ഐതിഹാസിക പോരാട്ടത്തെ മെസിയും സംഘവും അതിജീവിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു.
ഫൈനലിസിമയിലും ജയം മെസ്സിയുടെ അർജന്‍റീനയ്ക്കൊപ്പം. ഇറ്റലിയെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിന്.യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്‍റെ കുതിപ്പായിരുന്നു. അവിശ്വസനീയ വിജയങ്ങളിലൂടെയായിരുന്നു റയലിന്‍റെ കിരീടധാരണം.
റയലിനെ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കിയ മികവ് കരീം ബെൻസേമയെ ബാലോൺ ഡി ഓറിന് അർഹനാക്കി. ആഫ്രിക്കൻ കപ്പിൽ സാദിയോ മാനെയുടെ സെനഗലിന്‍റെ ഊഴമായിരുന്നു ഇത്തവണ. ഇന്ത്യ വേദിയായ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൽ കിരീടമുയർത്തിയതാകട്ടെ സ്പെയ്ൻ. ആതിഥേയരെന്ന നിലയില്‍ ലോകകപ്പില്‍ ആദ്യമായി മത്സരിച്ച ഇന്ത്യ ബ്രസീലിന്‍റെയും യുഎസ്എയുടെയും മൊറോക്കോയുടെയും ഗോള്‍വര്‍ഷത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ തലകുനിച്ച് മടങ്ങി.
85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടത്താത്തതിന്‍റെയും ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകളുടെയും പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കുന്നതിനും ഇന്ത്യന്‍ ആരാധകര്‍ ഈ വര്‍ഷം സാക്ഷിയായി. സ്വാതന്ത്ര്യദിനത്തിന് പിറ്റേന്ന് ഏര്‍പ്പെടുത്തിയ വിലക്ക് 11 ദിവസമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇന്ത്യന്‍ ഫുട്ബോളിനെ നാണക്കേടിലേക്ക് തള്ളിവിടുന്നതായി സംഭവം.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽക്കൂടി അവസാന കടമ്പയിൽ വീണു. ഐ ലീഗിൽ ഗോകുലം കേരള കിരീടം നിലനിർത്തിയപ്പോൾ സന്തോഷ് ട്രോഫിയിൽ കേരളം കിരീടം വീണ്ടെടുത്തു. പുതുവർഷത്തിലേക്ക് ചുവടുവയ്ക്കെ ലോകത്തെ കണ്ണീരിലാഴ്ത്തി ഫുട്ബോൾ രാജാവ് പെലെ വിടവാങ്ങി. മൂന്ന് തവണ ലോകകപ്പ് നേടിയ ഏകതാരമായ പെലെയുടെ വിയോഗം എൺപത്തിരണ്ടാം വയസിലായിരുന്നു.